ഇവാന്‍ റാക്കിറ്റിച്ചും ലൂക്ക മോഡ്രിച്ചും ക്രൊയേഷ്യന്‍ മധ്യനിരയുടെ കരുത്ത്
മോസ്കോ; റഷ്യന് ലോകകപ്പില് കിരീടമുയര്ത്താനിറങ്ങിയ അര്ജന്റീനയും മെസിയും ആദ്യ മത്സരത്തില് വമ്പന് തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. ലോകഫുട്ബോളിലെ ദുര്ബലരായ ഐസ് ലാന്ഡിന് മുന്നില് സമനിലയില് കുടുങ്ങിയത് ആരാധകരെ നിരാശരാക്കി. ഇന്ന് രാത്രി നിര്ണായക മത്സരത്തില് ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് മുന് ലോക ചാമ്പ്യന്മാര്.
മികച്ച പ്രതിരോധവും മുന്നേറ്റനിരയുമുള്ള ക്രൊയേഷ്യയുടെ മധ്യനിര ലോകോത്തരമാണ്. ഇന്നത്തെ മത്സരത്തില് ജയിക്കാനായില്ലെങ്കില് അര്ജന്റീനയുടെ മുന്നോട്ട് പോക്കിനെ തന്നെ അത് ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ വമ്പന് തയ്യാറെടുപ്പുകളുമായാണ് സാംപോളി ടീമിനെ അണിയിച്ചൊരുക്കുന്നത്. അതിനിടയിലാണ് മെസിക്കും അര്ജന്റീനയ്ക്കും മുന്നറിയിപ്പുമായി ഇതിഹാസതാരം മറഡോണ രംഗത്തെത്തിയത്.
ഇവാന് റാക്കിറ്റിച്ചും ലൂക്ക മോഡ്രിച്ചും അണിനിരക്കുന്ന ക്രൊയേഷ്യന് മധ്യനിര ഏത് വമ്പന്മാരെയും കരയിക്കാന് ശേഷിയുള്ളതാണെന്ന് മറഡോണ ചൂണ്ടികാട്ടി. മധ്യനിരയില് കളി മെനയുന്ന ഇവര് പ്രതിരോധത്തിനും മുന്നില് നില്ക്കും. മാന്സുക്കിച്ചെന്ന മുന്നേറ്റക്കാരന് അപകടകാരിയാണ്. ഏത് പ്രതിരോധത്തെയും കീറിമുറിച്ച് വലകുലുക്കാന് ശേഷിയുള്ള താരമാണ് മാന്സുക്കിച്ച്. അതുകൊണ്ടുതന്നെ ആക്രമിച്ച് കളിക്കുന്ന ശൈലിയാകും അവര് ഇന്ന് പുറത്തെടുക്കുകയെന്ന് മറഡോണ ഓര്മ്മിപ്പിച്ചു.
ഐസ് ലാന്ഡിനെതിരെ പോലും കഷ്ടപ്പെട്ട് കളിച്ച അര്ജന്റീനയ്ക്ക് ഇന്നത്തെ മത്സരം കടുത്ത വെല്ലുവിളിയായിരിക്കുമെന്നും മറഡോണ മുന്നറിയിപ്പ് നല്കി. മെസിയ്ക്ക് മറ്റ് താരങ്ങള് വേണ്ടത്ര പിന്തുണ നല്കിയില്ലെങ്കില് കാര്യങ്ങള് കൈവിട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. മെസിയും അഗ്യൂറോയും മാത്രം അക്രമിച്ച് കളിച്ചാല് ക്രൊയേഷ്യയെ പൂട്ടാനാകില്ല. ആക്രമണ നിരയിലേക്ക് മറ്റൊരു താരത്തെക്കൂടി കൊണ്ടുവരാന് അര്ജന്റീന തയ്യാറാകണമെന്നും ഡി മരിയക്ക് അതിന് സാധിക്കുന്നില്ലെന്നും മറഡോണ ചൂണ്ടികാട്ടി.
