കേരള കലാസാഹിത്യ അക്കാദമിയുമായി സഹകരിച്ചാണ് 'മരയോണം' സംഘടിപ്പിക്കുന്നത്‌. സ്‌കൂള്‍ ചെയര്‍മാന്‍ കൂടിയായ പ്രശസ്‌ത കവി വി. മധുസൂദനന്‍ നായര്‍, പ്രശസ്‌ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, കേരള കലാ സാഹിത്യ അക്കാദമി ചെയര്‍മാന്‍ എ. പ്രജിന്‍ ബാബു, ട്രാവന്‍കൂര്‍ നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ സന്ധ്യാ പ്രജിന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‌കും. 2016 ജൂലൈ 19ന്‌ കര്‍ക്കിടകത്തിലെ ഗുരുപൂര്‍ണ്ണിമ ദിവസത്തില്‍ സ്‌കൂളില്‍ ആരംഭിച്ച ചടങ്ങിന്റെ സമാപനമാണ്‌ സെപ്‌റ്റംബര്‍ 3ന്‌ ശാസ്‌തമംഗലം ജംഗ്‌ഷനിലുള്ള മരമുത്തശ്ശിയുടെയും കൂട്ടുകാരുടെയും മുന്നില്‍ മരയോണമായി ആഘോഷിക്കുന്നത്‌.

സെപ്‌റ്റംബര്‍ മൂന്നാം തീയതി രാവിലെ 8 മണിക്ക്‌ മുത്തശ്ശി മരത്തേയും സഹമരങ്ങളെയും ഓണക്കോടി ഉടുപ്പിച്ച്‌, അത്തപ്പൂക്കളമിട്ട്, ആരതി ഉഴിഞ്ഞ് വിധിപ്രകാരം തയ്യാറാക്കിയ പഞ്ചഗവ്യം മരങ്ങളുടെ ചുവട്ടില്‍ വിളമ്പി വൃക്ഷങ്ങളെ ആദരിക്കുന്നു. പ്രകൃതി സ്‌നേഹികളായ എല്ലാവര്‍ക്കും മരങ്ങളെ ഓണക്കോടി ചാര്‍ത്തി ആദരിക്കാനുള്ള അവസരം ചടങ്ങില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.