ചെന്നൈ: ശശികലയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വത്തിന്‍റെ ക്യാമ്പ്. ജയലളിതയുടെ മുന്‍സെക്രട്ടറി വെങ്കിട്ടരാമന്‍റെ നേതൃത്വത്തിലാണ് യുവാക്കളെ സംഘടിപ്പിക്കാനുളള ശ്രമങ്ങള്‍ പനീര്‍ശെല്‍വം ക്യാമ്പ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി മറീനബീച്ചില്‍ ഒത്തുചേരാനുള്ള ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. 

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനുശേഷം മറീനബീച്ച് വീണ്ടും ജനസാഗരമാക്കി ജനങ്ങള്‍ ഞങ്ങളോടപ്പമാണ് എന്ന് തെളിയിക്കാനാണ് പനീര്‍ശെല്‍വം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി ചെയ്യുന്നതാണ് എന്ന് സമ്മതിക്കാന്‍ പനീര്‍ശെല്‍വം ക്യാമ്പ് തയ്യാറല്ല. ജനങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്ന പ്രക്ഷോഭമാക്കി ഇത് മാറണം എന്നാണ് പനീര്‍ശെല്‍വം ആഗ്രഹിക്കുന്നത്. അതിനിടയില്‍ പനീര്‍ശെല്‍വത്തിന് ആശ്വാസമായി ണ്ട് എഐഎഡിഎംകെ എംപിമാർ പനീർ ശെൽവം പക്ഷത്തേക്ക് കൂറുമാറി . പി.ആർ.സുന്ദരം(നാമക്കൽ) , അശോക് കുമാർ (കൃഷ്ണഗിരി) എന്നിവരാണ് കൂറുമാറിയത്.

അതേ സമയം ശശികല അണ്ണാഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിനെ ചുറ്റിപ്പറ്റി വിവാദം പുകയുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കോട്ട കെട്ടി സുരക്ഷ വലയം ഒരുക്കിയിരിക്കുകയാണ് റിസോര്‍ട്ടിന് ചുറ്റും. മഹാബലിപുരത്തെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടാണ് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. അതേസമയം റിസോര്‍ട്ടിനു പുറത്ത് നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുമുണ്ടായി.

വിവാദ വ്യവസായിയായ ശേഖറിന്റേതാണ് റിസോര്‍ട്ട് എന്നാണ് സൂചനകള്‍. റിസോര്‍ട്ടിന്റെ ചുറ്റുവട്ടത്തേക്ക് ഒരാളെ പോലും കടത്തിവിടുന്നില്ല. പ്രധാന വഴികളില്‍ എല്ലാം അണ്ണാഡിഎംകെ നേതാക്കളുടെ കനത്ത കാവലാണ്. റിസോര്‍ട്ടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ എംഎല്‍എമാര്‍ക്ക് അനുവാദമില്ല. 

ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നത് വന്‍വിവാദമായതോടെ തങ്ങള്‍ ആരുടെയും തടവില്‍ അല്ലെന്ന് ചില എംഎല്‍എമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തി തുറന്നടിച്ചിരുന്നു. മാധ്യമങ്ങള്‍ റിസോര്‍ട്ടില്‍ കടക്കാന്‍ ശ്രമം നടക്കുന്നത് പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലേറിഞ്ഞത് ചെറിയ സംഘര്‍ഷത്തിലേക്ക് നീങ്ങി.

അതേ സമയം തന്നെ ശശികലയെ ഉടൻ മുഖ്യമന്ത്രിയാക്കാനാകില്ലെന്ന് തമിഴ്നാട് ഗവർണർ സി വിദ്യാസാഗർ റാവു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി എന്ന വാര്‍ത്ത രാജ്ഭവന്‍ നിഷേധിച്ചു. കേന്ദ്രസര്‍ക്കാറും ഇത്തരം ഒരു റിപ്പോര്‍ട്ട് ലഭിച്ചതായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു മൂന്ന് പേജ് റിപ്പോര്‍ട്ട് ഉണ്ട് എന്ന് തന്നെയാണ് തമിഴ് മാധ്യമങ്ങള്‍ ഇപ്പോഴും പറയുന്നത്.