കൊച്ചി: സാമുദായിക സംഘടനകൾ നൽകുന്ന സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമതവിഭാഗങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം റജിസ്റ്റർ ചെയ്യരുതെന്ന്
ഹൈക്കോടതി. സാമുദായിക സംഘടനകളുടെ വിവാഹസർട്ടിഫിക്കേറ്റുകളടെ അടിസ്ഥാനത്തിൽ വിവാഹങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് ചട്ടങ്ങൾ
രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട കോതമംഗലം സ്വദേശിനിയെ തിരുവനന്തപുരത്ത് ടാക്സി ഡ്രൈവറായ ഈഴവ സമുദായത്തിൽപ്പെട്ട യുവാവ് തടവിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ പരാമർശം. തങ്ങൾ വിവാഹിതരായെന്ന് കാട്ടി യുവാവും യുവതിയും എസ് എൻ ഡി പി യോഗത്തിൽ നിന്നുളള വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി . എന്നാൽ ഇത് സ്വീകാര്യമല്ലെന്ന ജസ്റ്റീസുമാരായ സുരേന്ദ്രമോഹൻ, മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ഇത്തരം വിവാഹ സർട്ടിഫിക്കറ്റുകൾക്ക് നിയമപരമായ പിൻബലമില്ല. എന്തടിസ്ഥനത്തിൽ ആരാണ് ഈ സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന് കോടതി ചോദിച്ചു. ഈഴവ സമുദായാംഗമായ പുരുഷൻ ക്രിസ്ത്യൻ മതവിഭാത്തിൽപ്പെട്ട യുവതിയെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്താല്‍ മാത്രമേ നിയമപരമാകൂ എന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
രണ്ടുപേർ തമ്മിലുള്ള വിവാഹം റജിസ്റ്റർ ചെയ്യാൻ വിവാഹച്ചുമതല വഹിച്ച മതസംഘടന നൽകുന്ന സർട്ടിഫിക്കേറ്റ് മതിയെന്നതാണ് പൊതുവ്യവസ്ഥ. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹിതരാവുകയും വധുവോ വരനോ അംഗമായ മതസാമൂഹ്യസംഘടന നൽകിയ സർട്ടിഫിക്കേറ്റ് വിവാഹം നടന്നെന്നുറപ്പിക്കാൻ മതിയാകില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
മതസംഘടനകൾ നൽകുന്ന വിവാഹ സർട്ടിഫിക്കേറ്റുകളുടെ അടിസ്ഥാനത്തിൽ വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് വ്യക്തമായ ചട്ടങ്ങൾ സർക്കാർ രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
