നടിയെ ആക്രമിച്ച കേസ്: ദിലീപിനെ കുടുക്കിയത് മഞ്ജുവെന്ന് മാര്‍ട്ടിന്‍

First Published 28, Mar 2018, 3:03 PM IST
Martin against manju varrier
Highlights
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും ലാലുമെന്നും  രണ്ടാംപ്രതി മാര്‍ട്ടിന്‍. 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യരും ശ്രീകുമാർ മേനോനും രമ്യാ നമ്പീശനും സംവിധായകന്‍ ലാലുമെന്നും  രണ്ടാംപ്രതി മാര്‍ട്ടിന്‍. ദിലീപിനെ കുടുക്കാന്‍ ഇവര്‍ ഒരുക്കിയ കെണിയാണ് കേസെന്നും മാര്‍ട്ടിന്‍ പറഞ്ഞു. വിചാരണയ്ക്കായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍ട്ടിന്‍.  

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ പറഞ്ഞു. കോടതിയില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

നിരപരാധിയായ എന്നെപോലുള്ള ഒരുപാട് പേരെ ചതിച്ചാണ് ഇതെല്ലാം നടത്തിയത്. കുറേ കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. കോടതിയില്‍ വിശ്വാസവുമുണ്ട്. എല്ലാ കാര്യങ്ങളും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് വിശ്വാസം-മാര്‍ട്ടിന്‍ പറയുന്നു. 

കേസിലെ വിചാരണ കഴിഞ്ഞ ആഴ്ച്ച ആരംഭിച്ച ശേഷമാണ് നിര്‍ണായകമായ ഈ വെളിപ്പെടുത്തല്‍ മാര്‍ട്ടിന്‍ നടത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെടുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ദൃശ്യങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 

ദിലീപ് നല്‍കിയ ഹര്‍ജിയില്‍  കേസുമായി ബന്ധപ്പെട്ട ഏതൊക്കെ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കാനാവുമെന്ന പട്ടിക പ്രോസിക്യൂഷന്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ഏപ്രില്‍ 11ന് പരിഗണിക്കും.സുനില്‍, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി 11ന് ഉത്തരവ് പറയും.
 

loader