രാജ്യസഭയിലേക്ക് ആറു പേരെയാണ് പുതുതായി നാമനിര്‍ദേശം ചെയ്തത്. നാമനിര്‍ദേശത്തിലൂടെ അംഗങ്ങളാകുന്നവരുടെ ഏഴ് ഒഴിവുകളാണ് ഇപ്പോഴുള്ളത്. ബി.ജെ.പിയുമായി അടുപ്പമുള്ളവരാണ് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ അധികപേരും.കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളിലുള്ളവരെയാണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്.

വ്യവസായ വിദഗ്ധന്‍ അശോക് ഗാംഗുലി, പത്രപ്രവര്‍ത്തകന്‍ എച്ച്.കെ ദുവ, കോണ്‍ഗ്രസിന്റെ മണിശങ്കര്‍ അയ്യര്‍, ഗാനരചയിതാവ് ജാവേദ് അഖ്തര്‍, മുതിര്‍ന്ന നാടക നടി ബി. ജയശ്രീ, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മൃണാള്‍ മിരി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഭല്‍ചന്ദ്ര മുംഗേകര്‍ എന്നിവരുടെ കാലാവധി തീര്‍ന്നതോടെയാണ് രാജ്യസഭയില്‍ ഒഴിവുവന്നത്. 

കായികരംഗത്തെ മികവിന് പുറമെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ കൂടിയാണ് മേരി കോമിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിന് രാജ്യസഭാ അംഗത്വം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. മൂന്ന് തവണ അമൃത്സറില്‍ നിന്ന് ലോക്‌സഭാംഗമായ സിദ്ദു, 2014ലെ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്‌ലിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു.