കുവൈത്ത് കേരള മുസ്ലീം കള്‍ച്ചറല്‍ കമ്മിറ്റിയില്‍ നിന്ന് കൂട്ട രാജി. ആക്ടിംഗ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി അടക്കമുള്ളവരാണ് നാഷണല്‍ കമ്മിറ്റിയില്‍ നിന്ന് രാജി വച്ചത്. രാജി ലീഗ് ഹൗസിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.
നാഷണല്‍ കമ്മിറ്റിയിലെ 11 അംഗങ്ങളില്‍ നിന്നാണ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, ആക്ടിംഗ് പ്രസിഡണ്ട് വൈസ് പ്രസിഡണ്ടുമായ ഫറൂഖ് ഹമദാനി, സെക്രട്ടറി എം.ആര്‍ നാസര്‍ എന്നിവര്‍ രാജിവച്ചത്. ഇവരുടെ രാജി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടിറിക്കും അയച്ച് കൊടുത്തിട്ടുണ്ട്. സുഗമമായ പ്രവര്‍ത്തനത്തിന് പലവിധ അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയെങ്കില്ലും, ഭാരവാഹികള്‍ക്കിടയിലെ ഐക്യക്കുറവും പരസ്‌പര വിശ്വാസമില്ലായ്മയും തുടരുന്നത് സംഘടനയെ പ്രതിസന്ധിയിലാക്കി എന്ന സന്ദേശമാണ് ഇവര്‍ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ കത്തിലൂടെ പ്രകടിപ്പിച്ചത്. കൂടാതെ,കാര്യങ്ങള്‍ വീശദീകരിച്ച് മറ്റെരു കത്തും ലീഗ് ഹൗസിലേക്ക് അയച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ശക്തമായ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലാണ് കുവൈത്തില്‍ കെ.എം.സി.സി പ്രവര്‍ത്തിച്ച് വരുന്നത്. കഴിഞ്ഞ തവണത്തെ ഭാരവാഹികളുമായി ശക്തമായ അഭിപ്രായ ഭിന്നത ഉടലെടുത്തതു മൂലം സംസ്ഥാന നേതാക്കള്‍ നിരവധി തവണ കുവൈത്തിലെത്തി ചര്‍ച്ച നടത്തിയാണ് സമവായം ഉണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണ ഭാരവാഹിത്വം വഹിച്ച പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഉപദേശക സമിതി ചെയര്‍മാന്‍ എന്നിവരെ മാറ്റി നിര്‍ത്തിയായിരുന്നു ഭാരവാഹികളെ പ്രഖ്യാപിച്ചത്. അതില്‍ എട്ട് അംഗങ്ങള്‍ മുന്‍ പ്രസിഡണ്ട് ഷറഫുദീന്‍ കണ്ണേത്തിന്റെ വിഭാഗത്തില്‍ പെട്ടവരും മൂന്ന് പേര്‍ ചെയര്‍മാന്‍ നാഹര്‍ മശ്ഹൂര്‍ തങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരുമായിരുന്നു. എന്നാല്‍, തുടക്കത്തില്‍ കുറച്ച് മാറ്റം അനുഭവപ്പെട്ടിരുന്നെങ്കില്ലും,ചില പുതിയ സമവാക്യങ്ങള്‍ ഉടലെടുത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കുവൈത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്തിയത് വരെ ചേരി തിരിഞ്ഞായിരുന്നു. മുന്‍ പ്രസിഡണ്ടിനോടൊപ്പം നിന്നവരും അടുത്ത കാലത്തായി അകന്നവരുമാണ് ഇപ്പോള്‍ രാജി വെച്ച മൂന്ന് പേര്‍. നാട്ടിലുള്ള പ്രസിഡണ്ട് കെ.പി.റ്റി.അബ്ദുറഹ്മാന്റെ അഭാവത്തില്‍ കൂടിയ യോഗത്തില്‍ അഞ്ച് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇതില്‍ ആക്ടിങ് പ്രസിഡണ്ടായി അസ്‍ലം കുറ്റിക്കാട്, ജനറല്‍ സെക്രട്ടറിയായി സിറാജ് ഇലഞ്ഞിക്കല്‍ എന്നിവരെയും തീരുമാനിച്ചിട്ടുണ്ട്.
