Asianet News MalayalamAsianet News Malayalam

മണ്ഡലക്കാലത്ത് ആശുപത്രികളിൽ 40 ശതമാനം രോഗികൾ കുറയുന്നു: മാതാ അമൃതാനന്ദമയി

ശബരിമല സീസണിൽ ആശുപത്രികളിൽ രോഗികൾ കുറയുന്നതായാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. എന്തുകൊണ്ടാണ് രോഗികൾ കുറയുന്നതായി കണ്ടത് എന്നതിനുള്ള തന്‍റെ നിഗമനവും മാതാ അമൃതാനന്ദമയി വെളിപ്പെടുത്തി.

Matha amritanandamayi says she is in a research since 15 years about sabarimala pilgrim season
Author
Thiruvananthapuram, First Published Jan 20, 2019, 8:28 PM IST

തിരുവനന്തപുരം: കഴിഞ്ഞ പതിനഞ്ച് വർഷമായി ശബരിമല സീസണിൽ താൻ ഒരു ഗവേഷണം നടത്തുന്നുണ്ടെന്ന് മാതാ അമൃതാനന്ദമയി. തിരുവനന്തപുരത്ത് നടന്ന ശബരിമല അയ്യപ്പ ഭക്ത സംഗമത്തിലായിരുന്നു മാതാ അമൃതാനന്ദമയിയുടെ വെളിപ്പെടുത്തൽ. തുടർച്ചയായി എല്ലാ സീസൺ സമയത്തും എല്ലാ ആശുപത്രികളിലും താൻ ആളെ അയക്കും. ശബരിമല സീസൺ സമയത്ത്  ആശുപത്രികളിൽ മുപ്പത് മുതൽ  നാൽപ്പത് ശതമാനം വരെ രോഗികൾ കുറവാണ് എന്ന് കണ്ടെത്തിയതായി മാതാ അമൃതാന്ദമയി പറഞ്ഞു.  എന്തുകൊണ്ടാണ് രോഗികൾ കുറയുന്നതായി കണ്ടത് എന്നതിനുള്ള തന്‍റെ നിഗമനവും മാതാ അമൃതാനന്ദമയി പറഞ്ഞു.

ആ സമയത്ത് ആളുകൾ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു ഇവയൊക്കെയാണ് രോഗികൾ കുറയാനുള്ള കാരണമെന്ന് മാതാ അമൃതാന്ദമയി പറഞ്ഞു. മനസും ശരീരവും തമ്മിൽ ആ സമയത്ത് ഒരു താളലയം വരുന്നുണ്ട്. ആ താളലയം കൊണ്ടുവരുന്ന സ്ഥലമാണ് ക്ഷേത്രം. അതുകൊണ്ട് ആചാരങ്ങൾ സംരക്ഷിക്കണമെന്നും സംസ്കാരത്തിന്‍റെ കെട്ടും കുറ്റിയും ആചാരങ്ങളിലാണ് നിൽക്കുന്നതെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

അർജുനൻ കൃഷ്ണനോട് യുദ്ധമുറ ചോദിച്ചപ്പോൾ ഭീഷ്മരോട് ചോദിക്കാനായിരുന്നു കൃഷ്ണന്‍റെ  മറുപടി. ശബരിമലയുടെ കാര്യത്തിൽ തനിക്കും അതേ പറയാനുള്ളൂ. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് ശബരിമലയുടെ കാര്യങ്ങൾ തീരുമാനിക്കണം. പയ്യെത്തിന്നാൽ പനയും തിന്നാം. അതുകൊണ്ട് തനിക്ക് മറ്റൊന്നും പറയാനില്ല എന്നു പറഞ്ഞാണ് മാതാ അമൃതാനന്ദമയി തന്‍റെ  പ്രഭാഷണം അവസാനിപ്പിച്ചത്.
 

Follow Us:
Download App:
  • android
  • ios