ബംഗളൂരു: 2006ലെ എൽഡിഎഫ് സര്‍ക്കാറില്‍ ഗതാഗത വകുപ്പ് മന്ത്രിയെന്ന നിലയിൽ കാഴ്ച വച്ച മികച്ച പ്രവർത്തനമാണു രണ്ടാം വട്ടവും ജെഡിഎസിന്റെ മന്ത്രിയായി മാത്യു ടി. തോമസിനെ തെരഞ്ഞെടുക്കാൻ കാരണമെന്നു ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. കഴിഞ്ഞ വട്ടം മന്ത്രിയെന്ന നിലയിൽ കാലാവധി പൂർത്തിയാക്കാത്തതും മാത്യു ടി തോമസ് എന്ന പേരിലേക്കു ദേശീയ നേതൃത്വത്തിന്റെ തീരുമാനം എത്താൻ കാരണമായി.

സംസ്ഥാനത്ത് ജെഡിഎസിന്റെ ആദർശമുഖമാണു മാത്യു ടി. തോമസ്. ഗതാഗത വകുപ്പ് മന്ത്രിയെന്ന നിലയിൽ എതിരാളികളിൽനിന്നു പോലും ലഭിച്ച അഭിനന്ദനം. കോഴിക്കോട് ലോക്സഭാ സീറ്റിന്‍റെ പേരിൽ പാർട്ടിക്കു വഴങ്ങി മന്ത്രി സ്ഥാനം രാജി വച്ച ഇച്ഛാശക്തി. എന്നും പാർട്ടിയ്ക്കൊപ്പം അടിയുറച്ച് നിന്ന് നേടിയെടുത്ത വിശ്വാസ്യത. എൽഡിഎഫിൽ, പ്രത്യേകിച്ച് സിപിഎം നേതാക്കൾക്ക് മാത്യു ടി. തോമസിനോടുള്ള മമത.. ഇക്കാര്യങ്ങളാണ് അദ്ദേഹത്തിനു വീണ്ടും മന്ത്രി സ്ഥാനം നൽകാൻ ദേശീയ നേതൃത്വത്തെ സ്വാധീനിച്ച ഘടകങ്ങള്‍.

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ജെഡിഎസ്സിന് മന്ത്രി സ്ഥാനം ഉറപ്പായപ്പോൾ സംസ്ഥാന നേതൃത്വം തന്നെ തീരുമാനമെടുക്കുമെന്നായിരുന്നു ദേശീയ നേതൃത്വം ആദ്യം പ്രതികരിച്ചത്. എന്നാൽ മന്ത്രിസ്ഥാനം സംബന്ധിച്ചു തര്‍ക്കമുണ്ടായതോടെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടു. ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും, കേരളത്തിന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറി ജനറൽ ഡാനിഷ് അലിയും നേതാക്കളുമായി ഫോണിൽ ചർച്ച നടത്തി. സംസ്ഥാന അദ്ധ്യക്ഷനായ മാത്യു ടി. തോമസിന് ഇരട്ട പദവി നൽകേണ്ടെന്നും ഇത് വരെയും മന്ത്രിയാകാത്തവർക്ക് അവസരം നൽകണമെന്നും സംസ്ഥാന ചില നേതാക്കൾ വാദം ഉയർത്തിയതോടെ തീരുമാനം പിന്നെയും വൈകി.

എന്നാൽ മികച്ച മന്ത്രിയെന്ന പ്രതിച്ഛായയും എൽഡിഎഫിലുള്ള സ്വീകാര്യതയും മാത്യു ടി. തോമസിലേയ്ക്ക് ദേശീയ നേതൃത്വത്തെ വീണ്ടുമെത്തിച്ചു. അങ്ങനെ സ്ഥാനാർഥി പട്ടിക തീരുമാനിച്ചതിലുള്ള മേൽക്കൈ മന്ത്രിസ്ഥാനം സംബന്ധിച്ചും മാത്യു ടി. തോമസിന് ലഭിച്ചു. മന്ത്രിയാകുന്നതോടെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്നു രാജിവയ്ക്കാൻ മാത്യു ടി. തോമസിനോട് ദേശീയ നേതൃത്വം ആവശ്യപ്പെടും.

ഭരണമുന്നണിയായതോടെ നിലവിലെ പാർട്ടി കേരള ഘടകത്തെ അഴിച്ചുപണിയാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കൈവശമുണ്ടായിരുന്ന കോവളവും, അങ്കമാലിയും നഷ്ടപ്പെട്ടതു പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. സത്യപ്രതിജ്ഞയ്ക്കായി കേരളത്തിലെത്തുന്ന ദേവഗൗഡ പുനഃസംഘടന സംബന്ധിച്ച് നേതാക്കളും പ്രവർത്തകരുമായി ചർച്ച നടത്തുന്നുണ്ട്.