Asianet News MalayalamAsianet News Malayalam

താലിബാന്‍ 'ഗോഡ് ഫാദര്‍' ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദിലെ വീടിനുള്ളിൽ  സംഘമെത്തി കുത്തി പരിക്കേൽപ്പിച്ചതിനുശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ഹക്കിന്റെ മരുമകൻ മൊഹമ്മദ് ബിലാൽ റോയിട്ടേഴ്സിനോട് പറഞ്ഞു. 

Maulana Sami-ul-Haq Killed In Pakistan
Author
Pakistan, First Published Nov 3, 2018, 12:16 AM IST

ഇസ്ലമാബാദ്: ഒരു കാലത്ത് അഫ്ഗാനിസ്ഥാനും പാക് ഗോത്രമേഖലയും കൈപ്പിടിയില്‍ ഒതുക്കിയ താലിബാന്‍റെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന മൗലാന സമി ഉള്‍ ഹക്ക് (82) വെടിയേറ്റു മരിച്ചു. അജ്ഞാതരായ അക്രമികളാണ് വെടിയുതിർത്തതെന്ന് ഹക്കിന്‍റെ അനുയായി യൂസഫ് ഷാ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി.

എന്നാൽ കൊലപാതകം എങ്ങനെ നടന്നു എന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്.  മരണത്തിൽ ദുരൂഹതയുള്ളതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഹക്കിന്‍റെ അംഗരക്ഷകനും ഡ്രൈവറും സ്ഥലത്തുണ്ടായിരുന്നില്ല. ഇതാണ് സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിലേക്ക് നയിക്കുന്നത്. 

ഇസ്ലാമാബാദിലെ വീടിനുള്ളിൽ  സംഘമെത്തി കുത്തി പരിക്കേൽപ്പിച്ചതിനുശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ഹക്കിന്റെ മരുമകൻ മൊഹമ്മദ് ബിലാൽ റോയിട്ടേഴ്സിനോട് പറഞ്ഞു. ഹക്കിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഡിഎച്ച്ക്യു ആശുപത്രിയിലേക്ക് മാറ്റി.
 
വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ മതപാഠശാലകളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയ മദ്രസ നടത്തിവരുകയായിരുന്നു ഹക്ക്.   തീവ്രനിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയ ജമിയത്ത് ഉലമ–ഇ–ഇസ്‌ലാം–സമി(ജെയുഐ–എസ്) പാർട്ടി നേതാവായിരുന്നു. 1985ലും 1991ലും പാകിസ്ഥാൻ സെനറ്റിൽ അംഗമായിരുന്നു സമി ഉൾഹക്ക്. പാകിസ്ഥാനിൽ ശരീഅത്ത് ബിൽ പാസാക്കുന്നതിൽ ഹക്ക് സുപ്രധാന പങ്കുവഹിച്ചിരുന്നു. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള താലിബാന്‍ ഭീകരര്‍ക്കിടയില്‍ ഹക്കിന് വലിയ സ്വാധീനമുണ്ടായിരുന്നു. താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഇദ്ദേഹത്തിന്‍റെ ശിഷ്യനായിരുന്നു.

അതേ സമയം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഹക്ക്  ധാരണയില്‍ എത്തിയിരുന്നുവെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.

Follow Us:
Download App:
  • android
  • ios