ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നതിനെ ബിജെപിയും കോണ്‍ഗ്രസും ശക്തമായി എതിര്‍ത്തിരുന്നു. ഒബിസി, പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നു കോണ്‍ഗ്രസും ബിജെപിയും . ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉള്ള നിയമങ്ങളെ ദുര്‍ബലപ്പെടുത്താനായിരുന്നു ഇരുപാര്‍ട്ടികളുടെയും ശ്രമം

ഭോപ്പാല്‍: ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചത് ബിഎസ്‍പിയുടെ പരിശ്രമം മൂലമെന്ന് മായാവതി. മദ്ധ്യപ്രദേശിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു ബിഎസ്‍പി നേതാവ് മായാവതി. മണ്ഡല്‍ കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.പി സിംഗ് പ്രധാനമന്ത്രിയായ സമയത്ത് രാജ്യവ്യാപകമായി ബിഎസ്‍പി നടത്തിയ പ്രതിഷേധത്തിന്‍റെ ഫലമായാണ് ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചതെന്ന് മായാവതി പറഞ്ഞു.

ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കുന്നതിനെ ബിജെപിയും കോണ്‍ഗ്രസും ശക്തമായി എതിര്‍ത്തിരുന്നു. ഒബിസി, പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നു കോണ്‍ഗ്രസും ബിജെപിയും . ഈ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉള്ള നിയമങ്ങളെ ദുര്‍ബലപ്പെടുത്താനായിരുന്നു ഇരുപാര്‍ട്ടികളുടെയും ശ്രമമെന്നും മായാവതി കുറ്റപ്പെടുത്തി. 'ഉയര്‍ന്ന ജാതികളിലെ' സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം ലഭിക്കണമെന്നും മായാവതി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക നയങ്ങളെയും മായാവതി കുറ്റപ്പെടുത്തി. മുന്നൊരുക്കങ്ങളില്ലാതെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിലും ജിഎസ്റ്റിയിലും കച്ചവടക്കാര്‍ക്ക് അസംതൃപതിയുണ്ട്. നോട്ടുനിരോധനവും ജിഎസ്റ്റിയും രാജ്യത്തിന്‍റെ സമ്പത്തിനെ ബാധിച്ചു. കേന്ദ്രത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ദാരിദ്രത്തിലേക്കും തൊഴിലില്ലായ്മയിലേക്കും പണപ്പെരുപ്പത്തിലേക്കും തള്ളിവിട്ടതായും മായാവതി പറഞ്ഞു.