Asianet News MalayalamAsianet News Malayalam

ചുവപ്പിനെ ഇല്ലാതാക്കുമെന്ന് ബിജെപി പറഞ്ഞതിന് പിന്നാലെ രാജ്യം ചുവപ്പണിയാന്‍ തുടങ്ങി: എം ബി രാജേഷ്

ചുവപ്പിനെ ഇല്ലാതാക്കുമെന്ന് ബിജെപി പറഞ്ഞതിന് പിന്നാലെ രാജ്യം ചുവപ്പണിയാന്‍ തുടങ്ങി

mb rajesh against bjp and yogi adityanath

ഗോരഖ്പൂരിലെ ബിജെപി തോല്‍വിയ്ക്ക് പിന്നാലെ യുപി മുഖ്യമന്ത്രിയേയും ബിജെപിയേയും പരിഹസിച്ച് എംബി രാജേഷ് എംപി. സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ബിജെപിയെ രാജേഷ് കണക്കിന് പരിഹസിച്ചിരിക്കുന്നത്. അഞ്ചു തവണ ജയിച്ച മണ്ഡലത്തിലെ നൂറ് വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത കാവി കുപ്പായക്കാരനാണോ കേരളം പിടിക്കുന്നതെന്ന് രാജേഷ് പരിഹസിക്കുന്നു. ചുവപ്പിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് എസ്.പി.യുടെ മുഴുവന്‍ എം.പി.മാരും എം.എല്‍.എ. മാരും ചുവന്ന തൊപ്പി അണിഞ്ഞു തുടങ്ങിയതെന്ന് രാജേഷ് പറയുന്നു. 


എം ബി രാജേഷ് എം പിയുടെ പൂര്‍ണമായ കുറിപ്പ്  

ഗോരഖ്പൂരില്‍ ബി.ജെ.പി.കോട്ട തകര്‍ത്ത പ്രവീണ്‍കുമാര്‍ നിഷാദ് സഭയില്‍ ഇന്ന് എന്റെ തൊട്ടടുത്ത സീറ്റിലാണ് ഇരുന്നത്. സീറ്റ് നമ്പര്‍ ലഭിക്കാത്തത് കൊണ്ട് യാദൃച്ചികമായി അവിടെ ഇരുന്നു എന്നേയുള്ളൂ. തലയില്‍ 'ചുവന്ന' തൊപ്പിയണിഞ്ഞു വന്ന നിഷാദായിരുന്നു ഇന്നത്തെ സഭയുടെ ശ്രദ്ധാകേന്ദ്രം. യോഗി ആദിത്യനാഥിന്‍റെ സ്വന്തം ബൂത്തില്‍, ഗോരഖ് നാഥ് മഠം ഇരിക്കുന്ന അതേ ബൂത്തില്‍ വെറും 43 വോട്ടാണ് ബി.ജെ.പി.ക്ക് കിട്ടിയത്! നിഷാദിന് കിട്ടിയതാവട്ടെ 1775 വോട്ടും!! സ്വന്തം ബൂത്തില്‍ പോലും ആദിത്യനാഥിനോട് ജനങ്ങള്‍ക്കുള്ള കട്ടക്കലിപ്പെത്രയെന്നു നോക്കൂ. 

അഞ്ചു തവണ താന്‍ ജയിച്ചുവന്ന മണ്ഡലത്തിലെ തന്റെ ബൂത്തില്‍ 100 വോട്ടുകള്‍ പോലും തികച്ചു നേടാന്‍ കഴിയാത്ത ഈ കാവിക്കുപ്പായക്കാരനെയും കൊണ്ടാണോ ചിലര്‍ കേരളം പിടിക്കാന്‍ വന്നത്. ഇനിയും ഈ വിദ്വാനെയും പശുക്കളെയും തെളിച്ചു കൊണ്ട് വരുന്നില്ലേ കേരളത്തിലേയ്ക്ക്.!?

വാല്‍ക്കഷണം:ത്രിപുര ജയിച്ച ഹുങ്കില്‍ യോഗി ആദിത്യനാഥ് യു.പി.നിയമസഭയില്‍ പറഞ്ഞത്രേ, ത്രിപുരയില്‍ ചുവപ്പിനെ ഇല്ലാതാക്കി. ഇനി ഇന്ത്യയില്‍ എല്ലായിടത്തും ഇല്ലാതാക്കുമെന്ന്. ആ പ്രഖ്യാപനത്തിന് ശേഷമാണ് എസ്.പി.യുടെ മുഴുവന്‍ എം.പി.മാരും എം.എല്‍.എ. മാരും ചുവന്ന തൊപ്പി അണിഞ്ഞു തുടങ്ങിയതത്രെ....!!

Follow Us:
Download App:
  • android
  • ios