എഴുത്തുകാരി കെ ആർ മീരയും വിടി ബൽറാം എംഎൽഎയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വി ടി ബൽറാമിനെതിരെ നിശിതമായ വിമർശനവും പരിഹാസവുമായാണ് കെ ആർ മീരയുടെ പുതിയ പ്രതികരണം. 

തിരുവനന്തപുരം: എഴുത്തുകാരി കെ ആർ മീരയും വിടി ബൽറാം എംഎൽഎയും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വി ടി ബൽറാമിനെതിരെ നിശിതമായ വിമർശനവും പരിഹാസവുമായാണ് കെ ആർ മീരയുടെ പുതിയ പ്രതികരണം. 'വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സിപിഎം നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?' എന്നാണ് കെ ആർ മീര ഫേസ്ബുക്ക് പോസ്റ്റില്‍ അവസാനമായി ചോദിച്ചത്. 

അതേസമയം കെആര്‍ മീരയെ തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ബല്‍റാമിനെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്. കെആർ മീരയെ തെറിവിളിക്കാൻ ഫേസ്‌ബുക്ക് വാനരസേനയോട് ആഹ്വാനം ചെയ്ത എംഎൽഎക്ക് വിവേകം ഉപദേശിക്കാൻ സ്വന്തം പാർട്ടിയിൽ ആരുമില്ലാത്തത് കഷ്ടമാണെന്ന് സിപിഎം നേതാവും എംപിയുമായ എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. കണ്ണിൽ കണ്ടവരെയൊക്കെ തെറി വിളിച്ച് അർമാദിക്കുകയാണ് ബല്‍റാം അക്ഷരത്തെറ്റ് നോക്കി നടക്കുന്നതിനിടയില്‍ പേര് തെറിരാമന്‍ എന്നോ മറ്റോ ആളുകളിടാന്‍ ഇടവരുത്തേണ്ടെന്നും എംബി രാജേഷ് പരിഹസിച്ചു.

അതേസമയം ഇത്രയും ക്രൂരമായ ഒരു കൊലപാതകം നടന്നിട്ട് പ്രതികരിക്കാന്‍ സാധിക്കാത്തവര്‍ മീരയെ പിന്തുണയ്ക്കാന്‍ ആവേശം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധിക്കുന്നു. ബല്‍റാമിനെ എഴുത്തുകാരിയായ മീരയ്ക്ക് പരിഹസിക്കാന്‍ സാധിക്കുമെങ്കില്‍ ബല്‍റാമിനും അതിന് അവകാശമുണ്ടെന്നാണ് മറ്റു ചിലരുടെ വാദം.

കുറിപ്പിന്‍റെ പൂര്‍ണരൂപം

പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് കെ. ആർ. മീരയെ തെറിവിളിക്കാൻ തന്റെ ഫേസ്‌ബുക്ക് വാനരസേനയോട് ആഹ്വാനം ചെയ്ത എം. എൽ. എ ക്ക് വിവേകം ഉപദേശിക്കാൻ സ്വന്തം പാർട്ടിയിൽ ആരുമില്ലാതെയാകുന്നത് കഷ്ടം തന്നെ. ബഹുമാന്യനായ ഏ.കെ.ആന്റണി മുതൽ കെ.ശങ്കരനാരായണൻ വരെ ആ പാർട്ടിയിലുള്ള പക്വമതികളായ നേതാക്കളാരെങ്കിലും ഉപദേശിക്കേണ്ടതാണ്.

കെ.എസ്.യു. നിലവാരം എന്ന് ഞാൻ പറഞ്ഞപ്പോൾ വാനരസേന എന്നെ തെറി വിളിച്ചു.കെ.എസ്. യു. കുട്ടികൾ ക്ഷമിക്കണം. കഥയിലെ തോണിക്കാരൻ അച്ഛന്റെ പേര് നന്നാക്കിയതു പോലെ കെ.എസ്. യു. കുട്ടികളുടെ പേരു പോലും എം.എൽ.എ.നന്നാക്കിയിരിക്കുന്നു. ആദ്യം വനിതാ കൃഷി ഓഫീസർക്കെതിരെ, പിന്നെ ഏ. കെ. ജി, ഇതിനിടയിൽ ധനമന്ത്രി, മുഖ്യമന്ത്രി. ഇപ്പോൾ കെ. ആർ.മീരയും. 

കണ്ണിൽ കണ്ടവരെയൊക്കെ തെറി വിളിച്ച് അർമാദിക്കുകയാണ്. ആർക്കോ അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കുമെന്നല്ലേ ചൊല്ല്.ഇത് ലൈക്ക് കിട്ടിയാൽ ആരെയും തെറി വിളിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. ശ്രദ്ധിക്കണം, മീരയുടെ പേരിൽ അക്ഷരത്തെറ്റ് നോക്കി നടക്കുന്നതിനിടയിൽ ഇങ്ങേരുടെ പേര് തെറിരാമൻ എന്നോ മറ്റോ ആളുകൾ എഴുതാനിടവരുത്തണ്ട.