കോട്ടയം: എംബിബിഎസ് സീറ്റ് വാഗ്ദ്ധാനം ചെയ്ത് കോട്ടയം സ്വദേശി ഉണ്ണി ശശി തട്ടിയെടുത്തത് ലക്ഷങ്ങള്‍. നിരവധി ആളുകളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി തിരുവല്ല പൊലീസിനെ സമീപിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിലെ പ്രതി കൂടിയായ ഉണ്ണി ശശി ഇന്നലെയാണ് പിടിയിലായത്.

ബംഗലൂരുവിലെയും കോയന്പത്തൂരിലെയും സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് സീറ്റായിരുന്നു ഉണ്ണി ശശിയുടെ വാഗ്ദ്ധാനം. ഇതില്‍ വിശ്വസിച്ച് പണം നല്‍കിയത് നിരവധി പേരാണ്. ഇയാള്‍ പിടിയിലായതറിഞ്ഞ് ഇതിനകം 4 പേര്‍ തിരുവല്ല പൊലീസില്‍ പരാതിയുമായി എത്തിയിട്ടുണ്ട്. നാലുപേരില്‍നിന്നുമായി 80 ലക്ഷത്തിലധികം രൂപയാണ് പ്രതി തട്ടിയെടുത്തത്. തിരുവല്ല മുത്തൂര്‍ സ്വദേശിയായ സ്നേഹസദന്‍ നല്‍കിയ പരാതിയിലാണ് ഉണ്ണിയെ ഇന്നലെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്ന സൂചനയാണ് പൊലീസിന്.

2013ലാണ് ഉണ്ണിക്കെതിരെ ആദ്യ പരാതി വരുന്നത്. കോട്ടയം പാന്പാടി സ്വദേശിയായ ഉണ്ണി ഇതോടെ ഒളിവില്‍ പോയി. പത്തനംതിട്ട ഇലന്തൂരിലെ ബന്ധുവീട്ടിലായിരുന്നു ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടുത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതി ഉയര്‍ന്നതോടെ മുങ്ങിയ പ്രതി കഴിഞ്ഞ കുറേ നാളുകളായി കൊട്ടാരക്കരയിലായിരുന്നു താമസം.