ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ അവസാനിച്ചു: വിദേശകാര്യ മന്ത്രാലയം

ദില്ലി: ബോളീവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഇതുവരെ ദുരൂഹമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശ്രീദേവിയുടെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയം ബാക്കിയുണ്ടായിരുന്നെങ്കില്‍ അതും ഇതോടെ അവസാനിക്കുകയാണ്.

മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും യുഎഇ ഗവണ്‍മെന്‍റ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. അത് പരിശോധിച്ചതില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് നടി ശ്രീദേവി ദുബായിലെ ഹോട്ടലില്‍ മരണപ്പെട്ടത്. ഹോട്ടലിലെ ബാത്ത് ടബില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ബോണി കപൂര്‍ ഹോട്ടല്‍ റൂമില്‍ തന്നെ ഉള്ള സമയത്തായിരുന്നു അപകടമുണ്ടായത്. മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരുന്നു യുഎഇ ഗവണ്‍മെന്‍റ് മൃതദേഹം വിട്ടുനല്‍കിയത്. 

എന്നാല്‍ ഇതിന് ശേഷവും മരണത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല‍് ഇത്തരം ഊഹാപോഹങ്ങള്‍ക്ക് അന്ത്യം കുറിച്ചാണ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്.