ജിദ്ദ: റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിന് ജീവനക്കാരെയാണ് പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയിലും മദീനയും ഒരുങ്ങിക്കഴിഞ്ഞു. തീര്‍ഥാടകരുടെ സേവനത്തിനായി അയ്യായിരത്തോളം ജീവനക്കാരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.

ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ് കൂടുതല്‍ തീര്‍ഥാടകരും എത്തുക. വിമാനത്താവളങ്ങളിലും മക്കയിലും മദീനയിലും വഴികളിലുമേല്ലാം തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നു എന്ന്ഉറപ്പു വരുത്തുമെന്ന്ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മദീനയില്‍ ഹറം പള്ളിയുടെ മുറ്റത്ത്‌ 250 തണല്‍ കുടകളും തണുത്ത വെള്ളം സ്‌പ്രേ ചെയ്യുന്ന 436 ഫാനുകളും തയ്യാറാണ്. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ എല്ലാ കവാടങ്ങളും റമദാനില്‍ തുറന്നിടും.

തിരക്ക് നിയന്ത്രിക്കാന്‍ പള്ളിക്കകത്തും പുറത്തും സുരക്ഷാ സേനയുടെ നിയന്ത്രണം ഉണ്ടാകും. കര്‍മങ്ങളുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി നൂറുക്കണക്കിനു പണ്ഡിതരെ നിയോഗിച്ചു. താല്‍ക്കാലിക മതാഫ് പാലം നീക്കം ചെയ്തതോടെ ഇപ്പോള്‍ മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ക്ക് തവാഫ് നിര്‍വഹിക്കാന്‍ സാധിക്കും.

ഈ സീസണില്‍ സൗദിയില്‍ എത്തുന്ന വിദേശ തീര്‍ഥാടകരുടെ എണ്ണം എഴുപത് ലക്ഷം എത്തുമെന്നാണ് പ്രതീക്ഷ. അമ്പതിയാറു ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് ഇതുവരെ വിസ അനുവദിച്ചു. ഈജിപ്തിനാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്. 12,75,785 വിസകള്‍. പാകിസ്ഥാന് ഒമ്പത് ലക്ഷവും ഇന്തോനേഷ്യക്ക് ആറര ലക്ഷവും വിസ അനുവദിച്ചു. ഇന്ത്യക്ക് ഇതുവരെ 4,36,000 ഉംറ വിസകള്‍ അനുവദിച്ചു.