നീറ്റ് പട്ടികയില്‍ നിന്ന് മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത കൗണ്‍സിലിങ് വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെ സമാനമായ ഉത്തരവ് മുബൈ ഹൈക്കോടതിയും പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും ഏകീകൃത കൗണ്‍സിലിങിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലുമാണ് സുപ്രീംകോടതി ഇന്ന് വാദം കേട്ടത്. രാജ്യത്ത് 80,000ത്തിലധികം വരുന്ന മെഡിക്കല്‍ - ഡെന്‍റല്‍ സീറ്റുകളില്‍ ഏകീകൃത കൗണ്‍സിലിങ് മാത്രമാണ് പ്രായോഗികമെന്ന് കേന്ദ്ര സര്‍ക്കാരും മഹാരാഷ്‌ട്ര സര്‍ക്കാരും വാദിച്ചു. ഏകീകൃത പ്രവേശന പരീക്ഷയിലൂടെ മെഡിക്കല്‍-ഡെന്‍റല്‍ പ്രവേശനമാണ് നീറ്റിലൂടെ സുപ്രീംകോടതി ലക്ഷ്യമിട്ടത്.
കൗണ്‍സിലിങ്, പ്രവേശന നടപടിയുടെ ഭാഗമായതിനാല്‍ അതിനെ പ്രത്യേകമായി കാണാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ സ്വകാര്യ കോളേജുകളിലും കല്പിത സര്‍വ്വകലാശാലകളിലും 85 ശതമാനം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത് ചൂണ്ടിക്കാട്ടിയ കോടതി, ഇപ്പോള്‍ ഏകീകൃത കൗണ്‍സിലിങിനായി ഉത്തരവിട്ടാല്‍ പ്രവേശനം കിട്ടിയ കുട്ടികളുടെ ഭാവി എന്താകുമെന്നും ചോദിച്ചു. കേസില്‍ കേരള സര്‍ക്കാരിന്റെ വാദം നാളെ നടന്നേക്കും. കേരളത്തില്‍ അമൃത സര്‍വ്വകലാശാല പ്രത്യേക കൗണ്‍സിലിങ് നടത്തി, വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത് ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ അപേക്ഷ നല്‍കി. അമൃത സര്‍വ്വകലാശാലയുടെ നടപടി യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
