തിരുവനന്തപുരം: സ്വാശ്രയ മെ‍ഡിക്കല്‍ പ്രവേശനത്തില്‍ ആരോഗ്യവകുപ്പിന്റെ നടപടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അതൃപ്തി. ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും അതൃപ്തി അറിയിച്ച മുഖ്യമന്ത്രി സുപ്രധാന ഫയലുകള്‍ തന്റെ ഓഫീസ് കാണണമെന്നും നിര്‍ദ്ദേശിച്ചു. ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ രൂപീകരണത്തിലും ഓ‌ര്‍ഡിനന്‍സിലുമുള്ള പിഴവുകള്‍ പ്രതിപക്ഷവും മാനേജ്മെന്റുകളും ഉന്നയിച്ചിരുന്നു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച പുതിയ ഓ‌ര്‍ഡിനന്‍സിലും ഫീസ് റഗുലേറ്ററി കമ്മിറ്റി രൂപീകരണത്തിലും ഗുരുതര പിഴവുകളുണ്ടായിരുന്നു. 10 അംഗ കമ്മറ്റിയെ  നിയോഗിക്കണമെന്നായിരുന്നു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. എന്നാല്‍ ആദ്യം നിയമിച്ചത് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ  ആറംഗ കമ്മറ്റിയെ. ഉത്തരവ് ഗസറ്റില്‍ വിഞ്ജാപനം ചെയ്തില്ല. ഇതോടെ കമ്മറ്റി നിശ്ചയിച്ച ഫീസ് അസാധുവാണെന്ന് ചൂണ്ടിക്കാട്ടി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എല്ലാം ഒത്തുകളിയാണെന്ന് പ്രതിപക്ഷവും ആരോപിച്ചു.

പ്രവേശനം തുടങ്ങാനിരിക്കെ  ഗുരുതര പ്രശ്നം ഉണ്ടായതിലാണ് മുഖ്യമന്ത്രിക്ക് അതൃപ്തി. സുപ്രധാന തീരുമാനങ്ങള്‍ വേണ്ടത്ര ആലോചനയില്ലാതെ എടുത്തു എന്നതിലാണ് മുഖ്യമന്ത്രിക്ക് അമര്‍ഷം.  ആരോഗ്യമന്ത്രി കെ കെ ഷൈലജയെുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടേയും നടപടികളില്‍ അതൃപ്തി അറിയിച്ചു. ഇനി മുതല്‍ സുപ്രധാന ഫയലുകള്‍ തന്റെ ഓഫീസിനെ കാണിക്കണമെന്നും പിണറായി നിര്‍ദ്ദേശിച്ചു. സ്ഥിതി ഗുരുതരമായതോടെ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് രാജേന്ദ്രബാബുവിന്റെ തന്നെ അധ്യക്ഷനാക്കി പത്തംഗ കമ്മിറ്റി ഉണ്ടാക്കി പുതിയ ഉത്തരവിറക്കി.

പ്രശ്നം തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് തിരക്കിട്ട നീക്കങ്ങളാണിപ്പോള്‍ നടത്തുന്നത്. ഫീസില്‍ വരെ മാറ്റം വരുത്താന്‍ ആലോചനയുണ്ടെന്നാണ് വിവരം. അതിനിടെ ഫീസ് കൂട്ടിയതിനെതിരെ കെഎസ് യു വിന്റെ ക്ലിഫ് ഹൈസ് മാര്‍ച്ചും എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. അലോട്ട്മെന്റ് നടപടികള്‍ തുടങ്ങാനിരിക്കെയാണ് മെഡിക്കല്‍ പ്രവേശനത്തിലെ പുതിയ പ്രതിസന്ധി.