കുവൈത്തിലേക്ക്‌ വരുന്നതിനു മുന്നോടിയായി നടത്തുന്ന വൈദ്യ പരിശോധന നടപടിക്രമങ്ങളുടെ ചുമതലയിൽ നിന്നും ഖദമാത്ത്‌ ഇന്‍റര്‍ഗ്രേറ്റഡ് സൊലൂഷൻ കമ്പനിയെ ഒഴിവാക്കികൊണ്ട്‌ ഇന്ത്യയിലെ കുവൈത്ത്‌ എംബസി
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നതിനു മുന്നോടിയായി നടത്തുന്ന വൈദ്യ പരിശോധന നടപടിക്രമങ്ങളുടെ ചുമതലയിൽ നിന്നും ഖദമാത്ത് ഇന്റര്ഗ്രേറ്റഡ് സൊലൂഷൻ കമ്പനിയെ ഒഴിവാക്കികൊണ്ട് ഇന്ത്യയിലെ കുവൈത്ത് എംബസി ഉത്തരവ് പുറപ്പെടുവിച്ചു. ഗാംക മെഡിക്കൽ സെന്ററിനാണ് പകരം ചുമതല. കൂടാതെ വിസ സ്റ്റാമ്പിംഗ് ചുമതലയുള്ള മൂന്നു ഏജൻസികളെ ഒഴിവാക്കി അപേക്ഷകൾ ഇനിമുതല് എംബസി നേരിട്ട് സ്വീകരിക്കും.
2014 ആണു ചുരുങ്ങിയ ചിലവിൽ വൈദ്യ പരിശോധന നടത്തി വന്നിരുന്ന ഗാംക മെഡിക്കൽ സെന്ററിനെ ഒഴിവാക്കി ഖദമാത്ത് ഇന്റര്ഗ്രേറ്റഡ് സൊലൂഷൻ കമ്പനിക്ക് ചുമതല നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. അതു വരെ വൈദ്യ പരിശോധനക്ക് 3600 രൂപയായിരുന്നു ചാർജ്ജ്. എന്നാൽ ഖദമാത്ത് കമ്പനി ഒറ്റയടിക്ക് ഇത് 12 ആയിരം രൂപയായി വർദ്ധപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നെങ്കിലും നിരക്ക് കുറക്കാൻ കമ്പനി തയ്യാറായിരുന്നില്ല. വിസ സ്റ്റാമ്പിംഗ് ചുമതലയുള്ള മവാരെദ് സർവ്വീസ് ,ഒപ്യലെന്റ് പ്രൊജക്റ്റ് യുനൈറ്റഡ് ലിമിറ്റഡ് , ഡാന എന്റര്പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ ഒഴിവാക്കി പകരം അംഗീകൃത ഏജന്റുമാരില് നിന്നും ഉൾപ്പെടെ എല്ലാ അപേക്ഷകളും എംബസി വഴി നേരിട്ട് സ്വീകരിക്കുമെന്നും ഇന്ത്യയിലെ കുവൈത്ത് എംബസി ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
ഇത് വഴി 5000 രൂപയോളമാണു അപേക്ഷർക്ക് കുറവ് വരിക.മാത്രവുമല്ല ഖദമാത്ത് കമ്പനിക്ക് വൈദ്യ പരിശോധനക്ക് കേരളത്തിൽ കൊച്ചിയിൽ മാത്രമായിരുന്നു കേന്ദ്രം ഉണ്ടായിരുന്നത് എങ്കിൽ വീണ്ടും കരാർ ലഭിച്ചിരിക്കുന്ന ഗാംകോക്ക് കൊച്ചിക്ക് പുറമേ കേരളത്തിൽ തിരുവനന്ത പുരം , കോഴിക്കോട് എന്നിവിടങ്ങളിലും വൈദ്യ പരിശോധന കേന്ദ്രങ്ങൾ ഉണ്ട്.
കഴിഞ്ഞ കുറെ കൊല്ലങ്ങളായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നടക്കുന്ന അഴിമതിയുടെ ഭാഗമായാണു ഖദമാത്ത് കമ്പനിക്ക് കരാർ ലഭിച്ചത് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.മന്ത്രാലയത്തെ അഴിമതി മുക്തമാക്കുക എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ തിരുത്തൽ നടപടികളാണു പുതിയ തീരുമാനത്തിനു പിന്നിൽ എന്നാണു വിലയിരുത്തൽ.
