ഭോപ്പാല്‍: മധ്യപ്രദേശ് പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷ വീണ്ടും വിവാദത്തിൽ. പുരുഷ-വനിതാ ഉദ്യോഗാർത്ഥികളുടെ വൈദ്യപരിശോധന ഒരുമിച്ച് നടത്തിയതാണ് വിവാദത്തിനിടയാക്കിയത്. വനിതാ ഡോക്ടർറുമാരുടെയും നഴ്സുമാരുടെയും അസാന്നിധ്യത്തിലായിരുന്നു വൈദ്യപരിശോധനയെന്നും ആരോപണം.

കോൺസ്റ്റബിൾ റിക്രീട്ട്മെന്റിന്‍റെ ഭാഗമായി 21 പുരുഷ ഉദ്യോഗാർത്ഥികളുടെയും 18 വനിതാ ഉദ്യോഗാർത്ഥികളുടെയും വൈദ്യപരിശോധനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. സർക്കാർ ക്ളിനിക്കിൽ ഒരേ മുറിയിൽ വച്ചാണ് വൈദ്യപരിശോധന നടത്തിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. വൈദ്യപരിശോധനയ്ക്കായി അടിവസ്ത്രം മാത്രമിട്ട് നിൽക്കുന്ന പുരുഷ ഉദ്യോഗാർത്ഥികളുടെയും സമീപത്ത് നിൽക്കുന്ന വനിത ഉദ്യോഗാർത്ഥികളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. 

വനിതകളുടെ വൈദ്യപരിശോധനയ്ക്കായി വനിതാ ഡോക്ടർമാരോ നഴ്സുമാരോ മുറിയിലുണ്ടായിരുന്നില്ലെന്നും ഉദ്യോഗാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും പരീക്ഷാ കമ്മിറ്റിയിലുള്ളവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഭിണ്ഡിലെ സിവിൽ സർജൻ അജിത് മിശ്ര അറിയിച്ചു. വൈദ്യ പരിശോധനക്ക് മുൻപ് ജനറൽ വിഭാഗമല്ലാത്ത ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്ര കുത്തിയതിന് രണ്ട് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു. ധർജില്ലയിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിലാണ് എസ്എസി,എസ്ടി,ഒബിസി എന്നിങ്ങനെ ജാതി തിരിച്ച് മുദ്ര പതിച്ചത്.