സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരത്തില്‍ വേണ്ടത്ര പരിശോധന നടക്കുന്നില്ല. ഗുണനിലവാര പരിശോധന നടക്കുന്നത് നാല് ശതമാനത്തില്‍ താഴെ മരുന്നുകളില്‍ മാത്രം. സംസ്ഥാനത്ത് 2,64,000 ബാച്ച് മരുന്നുകള്‍ വില്‍ക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ നാല് ശതമാനം മാത്രമേ ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാകുന്നുള്ളു. ഗുണനിലവാര പരിശോധനകള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

സംസ്ഥാനത്ത് ഒരു വർഷം 6500 ബ്രാൻഡുകളിലായി 2,64,000 ബാച്ച് മരുന്നുകള്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ പതിനായിരത്തില്‍ താഴെ മരുന്നുകളുടെ ഗുണനിലവാര പരിശോധന മാത്രമാണ് നടക്കുന്നത്. ഇരുപതിനായിരത്തിലധികം മെഡിക്കല്‍ സറ്റോറുകള്‍ ഇവിടെ ഉണ്ട്. ഇതു കൂടാതെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും രക്തബാങ്കുകളും. ഇവിടങ്ങളിലെല്ലാം പരിശോധന നടത്തേണ്ട ചുമതല ഉള്ള ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ളത് ആകെ 38 പേര്‍. ഒരു മാസം പരിശോധനക്കെടുക്കുന്നത് 16 മരുന്ന് സാംപിളുകള്‍ മാത്രം. ബാക്കി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാൻ പരിശോധനകളൊന്നുമില്ല.

ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് 2014 ല്‍ നല്‍കിയ ശുപാർശ 4 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. 15 പേരെക്കൂടി അടിയന്തരമായി നിയമിക്കണമെന്നായിരുന്നു ശുപാര്‍ശ. ഡ്രഗ്സ് ഇൻസ്പെക്ടര്‍മാരായി 100പേരെങ്കിലും ഇല്ലാതെ പരിശോധനകള്‍ പൂര്‍ണ തോതില്‍ നടക്കില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രശ്ന പരിഹാരത്തിന് തിരുവനന്തപുരം കൊച്ചി ലാബുകള്‍ക്ക് പുറമേ തൃശൂരില്‍ ഒരു മരുന്ന് പരിശോധന ലാബ് കൂടി തുടങ്ങുകയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. എന്നാല്‍ ഇവിടേക്ക് മാത്രമായി ആദ്യഘട്ടത്തില്‍ 80 ജീവനക്കാരെ വേണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ അനുവദിച്ചത് 24 പേരെ മാത്രം.