തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയം സംസാരിക്കുമ്പോള്‍ ബിജെപി വക്താവ് മീനാക്ഷി ലേഖി വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. കേരളത്തെ സംബന്ധിച്ച വാർത്ത ആയതിനാൽ പ്രതികരിക്കാതിരുന്നതാണെന്നും ശ്രീധരന്‍പിള്ള വിശദീകരിച്ചു.കുവൈറ്റിലെ ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാടെന്തെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ മീനാക്ഷി ലേഖി വേദി വിടുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുവെന്ന് വ്യക്തമാക്കിയാണ് മീനാക്ഷി ലേഖി വേദിവിട്ടത്. 

സ്ത്രീപ്രവേശന വിഷയത്തില്‍ വനിത നേതാവെന്ന നിലയിൽ തനിക്ക് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണെന്ന് മീനാക്ഷി പറഞ്ഞിരുന്നു. സ്ത്രീകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവിനോട് ഇന്ദുമൽഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിശ്വാസം യുക്തി രഹിതമാണെങ്കിലും കോടതിയ്ക്ക് അതിൽ ഇടപെടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞത്.
മീനാക്ഷിക്കൊപ്പം  ബിജെപി സംസ്ഥാന പ്രസി‍ഡന്‍റ് പി.എസ്. ശ്രീധരന്‍ പിള്ളയും മംഗലാപുരം സിറ്റി സൗത്ത് (കർണാടക) എം എൽ എ ശ്രീ വേദവ്യാസ് കാമത്തുവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.