ദില്ലി: തത്വാധിഷ്‌ഠിത പോരാട്ടമാണ് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ താന്‍ നടത്തുന്നതെന്ന് മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍. രാജ്യം പാവനമായി കരുതുന്ന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ എല്ലാ ജനപ്രതിനിധികളും തനിക്ക് വോട്ടു ചെയ്യണമെന്നും മീരാകുമാര്‍ അഭ്യര്‍ത്ഥിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മീരാ കുമാറിന്റെ പ്രതികരണം.

ഇത് ചരിത്രപരമായ രാഷ്‌ട്രീയസംഭവവികാസമാണ്. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് വന്ന് രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു തത്വാധിഷ്‌ഠിത പോരാട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ അതിന്റെ മുന്‍പന്തിയില്‍ എന്നെ നിയോഗിച്ചു. ഇത് ഏറെ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്. എല്ലാ പാര്‍ട്ടികളും ശതമായ പ്രത്യയശാസ്‌ത്ര നിലപാടുള്ളവരാണ്. അവരുടെ പ്രതിനിധിയായി ആശയപരവും മൂല്യപരവുമായ പോരാട്ടമായി ഇതിനെ മാറ്റാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മീരാകുമാര്‍ വ്യക്തമാക്കി.

കേരളത്തിലെ എല്ലാ ജനപ്രതിനിധികളും രാജ്യത്തിന്റെ പരമമായ താല്‍പര്യം മനസില്‍ വച്ചും രാജ്യ പുരോഗതിക്കു വേണ്ടിയും ആധുനിക ആശ്യങ്ങള്‍ക്കു വേണ്ടിയും മൂല്യങ്ങള്‍ക്കു വേണ്ടിയും വോട്ടു രേഖപ്പെടുത്തണമെന്നും മീരാകുമാര്‍ അഭ്യര്‍ഥിച്ചു.