മസില്‍മാനായ കുഞ്ഞന്‍ ബോഡിബില്‍ഡറാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ താരം. പെന്‍സില്‍വാനിയയിലെ വിന്‍സ് ബ്രാസ്‍ക്കോയാണ് താരമായി മാറിയ ഈ ബോഡിബില്‍ഡര്‍. 35000 ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ ബോഡിബില്‍ഡര്‍ക്കുള്ളത്. സുന്ദരമായ ഒരു ശരീരം ബ്രാസ്‍ക്കോയ്ക്ക് ഉണ്ടെങ്കിലും ഇദ്ദേഹത്തിന്‍റെ കാലുകളും കൈകളും വളരെ ചെറുതാണ്. ശരീര വലിപ്പം ഒരു ശരാശരി മനുഷ്യന്‍റെതിന് സമവും.
ഇതൊന്നും പക്ഷേ ആരാധകര്‍ക്ക് ഒരു വിഷയമല്ല. ബ്രാസ്‍ക്കോയെ ഇവര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ബ്രാസ്‍ക്കോയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തന്നെ പോലെയുള്ള നിരവധി ആള്‍ക്കാരെ ബ്രാസ്‍ക്കോ പരിചയപ്പെട്ടിട്ടുണ്ട്. തന്‍റെ അവസ്ഥയിലൂടെ കടന്ന് പോകുന്ന പലര്‍ക്കും മറ്റ് പല ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെന്നും ബ്രാസ്‍ക്കോ പറയുന്നു.
എന്നാല്‍ അതിലൊരാളായി മാറരുതെന്ന ഉറച്ച തീരുമാനമാണ് ബ്രാസ്‍ക്കോയെ ഒരു ബോഡി ബില്‍ഡറാക്കി മാറ്റിയത്. പല ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ വിജയിച്ചിട്ടുണ്ടെങ്കിലും പലരും തന്നെ മുന്‍വിധിയോടെ സമീപിക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. പക്ഷേ തന്റെ ശരീരം ബ്രാസ്‍ക്കോയ്ക്ക് ഒരു ഭാരമല്ല.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബ്രാസ്‍ക്കോയ്ക്ക് ഇതുവരെ പതിനഞ്ച് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. എങ്കിലും ദിവസവും കോച്ചിന്‍റെ സഹായത്തോട് കൂടി പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നുണ്ട് ഈ കുഞ്ഞന്‍ ബോഡി ബില്‍ഡര്‍.
