ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണം തെളിവുകളില്ലാത്ത കേസായി കണക്കാക്കി അന്വേഷണം അവസാനിപ്പിക്കാന്‍ ദില്ലി പൊലീസ് ആലോചിക്കുന്നു. അതിനിടെ ശശി തരൂരിന്റെ സുഹൃത്തും പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമായ മെഹര്‍ തരാറിനെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു മാസം മുന്‍പു ദില്ലിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

സുനന്ദ പുഷ്‌കറിന്റെ മരണം നടന്നിട്ട് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും കൊലപാതകമാണെന്നതിനു വ്യക്തമായ തെളിവു കിട്ടാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ദില്ലി പൊലീസ് ആലോചിക്കുന്നത്. അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.

അതേസമയം ശശി തരൂരിന്റെ സുഹൃത്തും പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമായി മെഹര്‍ താരാറിനെ അന്വേഷണ സംഘം ദില്ലിയിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. അന്വേഷണവുമായി സഹകരിക്കണമെന്നു ദില്ലി പൊലീസ് മെഹര്‍ തരാറിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തരാര്‍ ദില്ലിയിലെത്തി അന്വേഷണവുമായി സഹകരിച്ചത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തില്‍ മൂന്നു മണിക്കൂറോളം മെഹര്‍ തരാറിനെ ചോദ്യം ചെയ്തു. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യലെന്നാണു റിപ്പോര്‍ട്ട്. തരൂരുമായി പ്രണയബന്ധമുണ്ടെന്ന ആരോപണം തരാര്‍ നിഷേധിച്ചു. സുനന്ദയുടെ മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഇമെയിലുകളും മൊബൈല്‍ സന്ദേശങ്ങളും അയച്ചിട്ടില്ലെന്നും തരാര്‍ പൊലീസിനെ അറിയിച്ചു.

പുതുതായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെ ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.