സലാലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നെന്നും ഒമാന്‍ പൊലീസ് അറിയിച്ചു. 

സലാല: സലാലയില്‍ ആഞ്ഞടിച്ച മെകുനു കൊടുങ്കാറ്റില്‍ 3 പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. മരിച്ച മൂന്നു പേരും സ്വദേശികളാണ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ അടുത്ത നാല്‍പത്തിയെട്ടുമണിക്കൂര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സലാലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നെന്നും ഒമാന്‍ പൊലീസ് അറിയിച്ചു. 

മെക്കുനു ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതല്‍ അടുത്തതോടെ സലാലയില്‍ വന്‍നാശനഷ്ടമാണ് ഉണ്ടാക്കിയത്. കനത്ത കാറ്റില്‍ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. പലയിടത്തും കടല്‍ അകത്തേക്ക് കയറിയതോടെ നിരവധിയാളുകള്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥലത്തേക്ക് മാറി. ആഞ്ഞടിക്കുന്ന കാറ്റിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പലരും പങ്കുവയ്ക്കുന്നുണ്ട്. 

പ്രാദേശിക സമയം രാത്രി ഒന്‍പതിനും പത്തിനും ഇടയില്‍ കൊടുങ്കാറ്റ് സലാലയില്‍ ആഞ്ഞടിക്കുമെന്നായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. തീരത്തോട് അടുത്തമ്പോള്‍ കാറ്റിന്റെ ശക്തി കൂടുതല്‍ ഉയര്‍ന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങരുത് എന്ന് സലാല ഭരണകൂടം നിര്‍ദേശിച്ചു. സലാലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം ഇതിനോടകം അടച്ചു കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊടുങ്കാറ്റ് നാശം വിതച്ചേക്കും എന്ന പ്രവചനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് ദീപക്, ഐ.എന്‍.എസ് കൊച്ചി എന്നീ കപ്പലുകള്‍ മുംബൈയില്‍ നിന്നും സലാലയിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിച്ചു.ഹെലിക്കോട്പടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വരുന്നത്. ഓമന്‍ റോയല്‍ നേവിയുടെ നിര്‍ദേശമനുസരിച്ചാവും ഇന്ത്യന്‍ നേവിയുടെ രക്ഷാപ്രവര്‍ത്തനം.