ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രഥമ വനിത താനാണെന്ന ട്രംപിന്‍റെ മുന്‍ഭാര്യ ഇവാനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മെലാനിയ ട്രംപ്. കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ വനിത താനാണെന്ന് ഇവാന പറഞ്ഞത്. ട്രംപിന്‍റെ ആദ്യ ഭാര്യ താനാണ് അതുകൊണ്ട് തന്നെ പ്രഥമ വനിതയും താനാണെന്നാണ് ഇവര്‍ പറഞ്ഞത്. 

ഇവാന ട്രംപിന്‍റെ ആദ്യ ഭാര്യയാണെന്നും എന്നാല്‍ താന്‍ പ്രഥമ വനിതയാണെന്നും വ്യക്തമാക്കിയാണ് മെലാനിയ തിരിച്ചടിച്ചത്. ഇവാനയുടെ പ്രസ്താവനകളില്‍ പ്രത്യേകിച്ച് വസ്തുതകള്‍ ഒന്നുമില്ലെന്നും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ബഹളം വെയ്ക്കല്‍ മാത്രമാണിത് എന്നുമാണ് മെലാനിയ പറയുന്നത്.

ഒക്ടോബര്‍ 10 നാണ് ഇവാന രചിച്ച റെയ്സിങ്ങ് ട്രംപ് പുറത്തിറങ്ങുന്നത്. ട്രംപും ഇവാനയും തമ്മിലുണ്ടായിരുന്ന 13 വര്‍ഷങ്ങള്‍ നീണ്ട വിവാഹ ബന്ധം 1990 ല്‍ അവസാനിക്കുകയായിരുന്നു. ട്രംപിന് മാര്‍ല എന്ന യുവതിയുമായി ഉണ്ടായിരുന്ന പ്രണയമാണ് കാരണം.