മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേർന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തി എന്ന കേസിലെ തെളിവുകൾ കോടതി ജൂൺ മാസത്തിൽ പരിശോധിക്കും. കേസിൽ പ്രതികളായ സോഫിയ സാമിൻറെയും സുഹൃത്ത് അരുൺ കമലാസനന്റെയും റിമാൻറ് കാലാവധി മാർച്ച് 28 വരെ നീട്ടാനും മെൽബൺ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഇന്നു രാവിലെയാണ് സാം എബ്രഹാം വധക്കേസ് മെൽബൺ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. കേസിൽ വിക്ടോറിയ പൊലീസ് ശേഖരിച്ചിട്ടുള്ള തെളിവുകളുടെ സാധുത പരിശോധിക്കാനായിരിക്കും ജൂൺ 26, 27, 28 തീയതികളിൽ കോടതി പ്രാരംഭ വാദം കേൾക്കുന്നത്. കേസിൽ പ്രതികൾ കുറ്റം സമ്മതിക്കുന്നുണ്ടോ, വിചാരണ നടത്താനാവശ്യമായ തെളിവുകൾ പ്രോസിക്യൂഷൻറെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങൾ, കമ്മിറ്റൽ ഹിയറിംഗ് എന്ന ഈ വാദം കേൾക്കലിൽ കോടതി പരിശോധിക്കും. 

സോഫിയയും അരുണും തമ്മിൽ ആറായിരത്തിലേറെ ഫോൺ കോളുകളെന്ന് പൊലീസ്. അതിന് മുന്പ്, പ്രതികളുടെ ടെലിഫോൺ സംഭാഷണങ്ങളുടെ ഇംഗ്ലീഷ് തർജ്ജമ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറുന്ന നടപടി പരിശോധിക്കാനായി മാർച്ച് 28ന് കേസ് പരിഗണനയ്ക്ക് വരുന്നുണ്ട്. സോഫിയയുടെയും അരുണിൻറെയും റിമാൻറ് കാലാവധി മാർച്ച് 28 വരെ നീട്ടാനും കോടതി ഉത്തരവിട്ടു. 

വാര്‍ത്ത കടപ്പാട്- എസ്ബിഎസ് റേഡിയോ