കോട്ടയം: നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ സർജറി വിഭാഗം മേധാവിയെ സ്ഥലം മാറ്റാൻ തീരുമാനിച്ചു. ഡോക്ടർ കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാർ പണിമുടക്കിയതിനെ തുടർന്നാണ് നടപടി. എന്നാൽ രോഗിയുടെ ശരീരത്തിൽ ട്രേ വച്ചതിന് നഴ്സിന് ചെറിയ ശിക്ഷ നൽകിയതാണെന്നും ഇതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

തിങ്കളാഴ്ച്ച സർജറി വിഭാഗം ഐ സി യുവിലായിരുന്നു സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന രോഗിയുടെ ബെഡ്ഡിൽ നഴ്സുമാർ ഉപയോഗിക്കുന്ന ട്രേ വെച്ചു മറന്നതിനായിരുന്നു ശിക്ഷാ നടപടി. രോഗി കിടന്നതിന് സമാനമായി കിടത്തി ഒന്നര മണിക്കൂറോളം ഉപകരണങ്ങൾ അടങ്ങിയ ട്രേ കാലിൽ വച്ചെന്നും പരസ്യമായി ശകാരിച്ചെന്നുമാണ് ആരോപണം. 

എന്നാൽ മൂന്ന് കിലോ ഭാരം വരുന്ന ട്രേയാണ് രോഗിയുടെ ശരീരത്തിൽ വെച്ച് മറന്നതെന്നാണ് ഡോ. ജോൺ എസ് കുര്യന്റെ വിശദീകരണം. പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ കഴിയാത്ത രോഗിയുടെ ദേഹത്ത് ട്രേ വച്ചതിനായിരുന്നു ശിക്ഷാ നടപടി. എന്നാൽ ഡോക്ടർക്ക് പരാതിയുണ്ടെങ്കിൽ പ്രാക്യതമായല്ല നടപടി എടുക്കേണ്ടതെന്നാണ് നഴ്സുമാരുടെ  പ്രതികരണം. 

ഇത്തരം ശിക്ഷാ നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന ജോൺ എസ് കുര്യനു കീഴിൽ തുടരാനാവില്ലെന്ന് നഴ്സുമാർ കോളേജ് പ്രിൻസിപ്പളിനെ അറിയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് ഡോക്ടറെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്.