ഉത്തർപ്രദേശ്: വടക്കേയിന്ത്യൻ സംസ്ഥാനങ്ങൾ തണുത്ത് വിറയ്ക്കുകയാണ്. എല്ലാവരും തണുത്ത് വിറയ്ക്കുമ്പോൾ അംബേദ്കറിനും തണുക്കില്ലേ എന്ന് ചോദിച്ച് അംബേദ്കർ പ്രതിമയെ പുതപ്പിച്ചിരിക്കുകയാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്. ഉത്തർപ്രദേശിൽ മുസ്സാഫിർ ന​ഗറിൽ ഖതൗലി പ്രദേശത്താണ് ദളിത് നായകൻ അംബേദ്കറിന്റെ പ്രതിമയ്ക്ക് യുവാവ് പുതപ്പ് നൽകിയത്. പുതപ്പ് മാത്രമല്ല, ചൂട് കിട്ടാൻ തൊട്ടടുത്ത് തീ കത്തിക്കുക കൂടി ചെയ്തു ഇയാൾ. പൊലീസ് ഇയാളെ കണ്ടെത്തിയെങ്കിലും മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് തിരിച്ചറിഞ്ഞ് കേസെടുക്കാതെ വെറുതെ വിട്ടു. 

''എനിക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. അംബേദ്കറിനും അതുപോലെ തണുക്കുന്നുണ്ടാകില്ലേ എന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ട് ഞാൻ പുതപ്പ് കൊണ്ട് നന്നായി പുതപ്പിച്ചു. ചൂടിന് തൊട്ടടുത്ത് തീയും കത്തിച്ചു നൽകി.'' ചോദ്യം ചെയ്ത പൊലീസിന് യുവാവ് നൽകിയ മറുപടി ഇങ്ങനെ. പ്രതിമയെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്തതെന്നാണ് യുവാവിന്റെ വാദം.