തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ കശുവണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഇറക്കുമതിയില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തൊഴിലാളികള്‍ക്ക് വേണ്ടി സദുദ്ദേശ്യത്തോടെയാണ് കശുവണ്ടി ഇറക്കുമതിയില്‍ മന്ത്രി ഇടപ്പെട്ടതെന്ന് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലായിരുന്നു വിജിലന്‍സിന്റെ ത്വരിതാന്വേഷണം. നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എയാണ് അഴിമതി ആരോപണം ആദ്യം ഉന്നയിച്ചത്.
ആരോപണങ്ങള്‍ നേരത്തെതന്നെ മേഴ്‌സിക്കുട്ടിയമ്മ തള്ളിയിരുന്നു. തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കും. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും ചട്ടപ്രകാരമാണ് തന്‍റെ നടപടികളെന്നും മേഴ്‌സിക്കുട്ടിയമ്മ അന്ന് പറഞ്ഞിരുന്നു.
