ആലപ്പാട് ജനകീയസമരം: സര്‍ക്കാര്‍ ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 9:31 AM IST
Mercykutty Ammaa on alappad strike
Highlights

ആലപ്പാട്ടെ സമരത്തിൽ നിലപാട് മയപ്പെടുത്തി സർക്കാർ. സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. വ്യവസായ വകുപ്പാണ് ഇതിന് മുൻകൈയെടുക്കേണ്ടത് മന്ത്രി.

ആലപ്പാട്:

കൊല്ലം ആലപ്പാട്ടെ ഖനനത്തിനെതിരായ സമരത്തിൽ നിലപാട് മയപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. സമരം നടത്തുന്നവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. അതേസമയം, ഖനനം നിര്‍ത്താതെയുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് സമരസമിതിയുടെ നിലപാട്.

ആലപ്പാട്ടെ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാരിന്‍റെ ആദ്യ അനുകൂല പ്രതികരണം. സമരം പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനാണെന്നും പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്നും ഇന്നലെ പറഞ്ഞ മന്ത്രി മേഴ്സിക്കുട്ടിയമ്മ 24 മണിക്കൂറിനുള്ളില്‍ നിലപാട് മാറ്റി. വരുന്ന 19 ന് ആലപ്പാടിനെ രക്ഷിക്കാൻ കേരളമാകെ ബഹുജനമാര്‍ച്ചിന് ആഹ്വാനമുണ്ട്.

വിവിധ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സമരം 73 ആം ദിവസം പിന്നിടുമ്പോഴും പന്തലില്‍ ജനക്കൂട്ടമാണ്. ഇതൊക്കെയാണ് സര്‍ക്കാരിനെ മറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. സര്‍ക്കാരിന്‍റെ നിലപാട് മാറ്റം സ്വാഗതം ചെയ്ത സമരസമിതി പക്ഷേ ഖനനം നിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി. സര്‍ക്കാരിന്‍റെ അനുകൂല പ്രതികരണത്തോട് മുഖം തിരിച്ച സമരസമിതിയെ അനുനയിപ്പിക്കാൻ കരുനാഗപ്പള്ളി എം എ ല്‍എ ആര്‍ രാമചന്ദ്രൻ രംഗത്തുണ്ട്.

പൊൻമന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യൻ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു.

പൊൻമനയില്‍ നിന്നും 30 വര്‍ഷത്തിന് മുൻപ് 1500 കുടുംബങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് മൂന്നായി ചുരുങ്ങി. ആലപ്പാട് നിന്നും ആയിരത്തി മൂന്നൂറ് കുടുംബങ്ങള്‍ ഒഴിഞ്ഞ് പോയെന്നാണ് കണക്ക്. ഖനനത്തിന്‍റെ ഫലമായി ടിഎസ് കനാലും അറബിക്കടലും തമ്മിലുള്ള അകലം ദിവസങ്ങള്‍ കഴിയുന്തോറും കുറയുകയാണ്.  

loader