നൈജീരിയ്ക്കെതിരായ മികച്ച വിജയത്തിന് ശേഷം വിമര്‍ശനങ്ങളില്‍ നിന്നും ശരിക്കും രക്ഷപ്പെട്ടത് അര്‍ജന്‍റീനന്‍ കോച്ച് സാംപോളിയാണ്

മോസ്കോ: നൈജീരിയ്ക്കെതിരായ മികച്ച വിജയത്തിന് ശേഷം വിമര്‍ശനങ്ങളില്‍ നിന്നും ശരിക്കും രക്ഷപ്പെട്ടത് അര്‍ജന്‍റീനന്‍ കോച്ച് സാംപോളിയാണ്. നൈജീരിയ്ക്കെതിരെ അർജന്റീന ഗെയിം പ്ലാനിൽ മാറ്റമുണ്ടെന്നും മത്സരത്തിനു മുൻപേ സാംപോളി പറഞ്ഞു. ടീം ജയിച്ചു കയറുകയും ചെയ്തു. എന്നാല്‍ താരങ്ങളുടെ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് അര്‍ജന്‍റീനയ്ക്ക് ഗുണമായത് എന്നതാണ് പുതിയ വീഡിയോ തെളിയിക്കുന്നത്.

മത്സരം തീരാന്‍ 10 മിനിറ്റ് അവശേഷിക്കെ അഗ്യൂറോയെ കളത്തിലിറക്കാന്‍ മെസ്സി നിർദ്ദേശം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. രണ്ടാം പകുതിയിൽ മെസ്സി കോച്ച് സാംപോളിയുടെ അടുത്തു ചെന്ന് ‘കുൻ, കുൻ’ എന്നു മന്ത്രിച്ചിരുന്നു. അതിനു ശേഷമാണ് സാംപോളി കുൻ എന്നു വിളിപ്പേരുള്ള അഗ്യൂറോയെ ഇറക്കിയത്.

സംപോളിക്കു മുകളിലുളള ‘സൂപ്പര്‍കോച്ചാ’ണോ മെസ്സിയെന്നാണ് ആരാധകരുടെ വിമർശനം. മെസ്സിയും മഷെറാനോ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് സാംപോളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന പുതിയ വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് മെസിയാണോ സാംപോളിയാണോ യഥാർത്ഥത്തിൽ കോച്ച് എന്ന ചോദ്യം സമൂഹമാധ്യമങ്ങൾ ഉയർത്തുന്നത്.