Asianet News MalayalamAsianet News Malayalam

അര്‍ജന്റീനയുടെ മിശിഹ; ലയണല്‍ മെസ്സി

ഏതാണ് മികച്ച ഗോള്‍? മറഡോണയുടേതോ മെസ്സിയുടേതോ? ഫുട്ബോള്‍ ലോകം ചേരിതിരിഞ്ഞ് വോട്ടിനിട്ടു. ചില സര്‍വേകളില്‍ മറഡോണ, മറ്റു ചിലതില്‍ മെസ്സി.

Messi The Legend

1986ല്‍ മറഡോണ ഇംഗ്ലണ്ടിനെതിരെ നൂറ്റാണ്ടിന്റെ ഗോള്‍ നേടുമ്പോള്‍ ലിയോണല്‍ മെസ്സി ജനിച്ചിരുന്നില്ല. മറഡോണ ഇരുപത്തിയഞ്ചാം വയസ്സില്‍ നേടിയ ഗോളിന് സമാനമായ ഗോള്‍ മെസ്സി പത്തൊന്‍പതാം വയസില്‍ കളിക്കളത്തില്‍ വിരിയിച്ചു. ‘മെസ്സിഡോണ’ പത്രങ്ങള്‍ വെണ്ടക്ക നിരത്തി. ‘ദൈവത്തിന്റെ കാല്‍’ മറ്റൊരു വിശേഷണം. ഏതാണ് മികച്ച ഗോള്‍? മറഡോണയുടേതോ മെസ്സിയുടേതോ? ഫുട്ബോള്‍ ലോകം ചേരിതിരിഞ്ഞ് വോട്ടിനിട്ടു. ചില സര്‍വേകളില്‍ മറഡോണ, മറ്റു ചിലതില്‍ മെസ്സി.​

മെസ്സിയുടെ ഗോളിന് 12 സെക്കന്‍ഡ് സമയം, മറഡോണയുടേതിന് 10.8 സെക്കന്‍ഡ്. മെസ്സി പന്തുമായി 60 മീറ്റര്‍ ഓടി. മറഡോണ 62 മീറ്റര്‍. മെസ്സി 13 സ്‌പര്‍ശങ്ങള്‍, മറഡോണ 12. മെസ്സി 5 കളിക്കാരെ വെട്ടിച്ചു. മറഡോണ 6 കളിക്കാരെ. ഏത് ഗോളാണ് മികച്ചതെന്ന കാര്യത്തില്‍ പ്രതികരിക്കേണ്ടിവന്നപ്പോള്‍ മറഡോണക്ക് സംശയമുണ്ടായിരുന്നില്ല. തന്റെ ഗോള്‍ തന്നെ. മെസ്സിയാണെങ്കില്‍ സ്വന്തം ഗോള്‍ അന്ന് ആശുപത്രിയിലായിരുന്ന മറഡോണയുടെ ആരോഗ്യത്തിനായി സമര്‍പ്പിച്ചു.അതേ വര്‍ഷം തന്നെ എസ്‌പാന്യോളിനെതിരെ മാറഡോണ ശൈലിയിലുള്ള മറ്റൊരു ഗോളും മെസ്സി നേടി.

‘മിശിഹയുടെ കൈ’ ഗോള്‍! മറഡോണ മെസ്സിയെ വിളിച്ചത് മിശിഹ എന്നാണ്. തനിക്ക് പിന്നാലെ വന്ന രക്ഷകന്‍ എന്നാകും മറഡോണ പറയാതെ പറഞ്ഞത്.

അര്‍ജന്റീന ഫുട്ബോളിന്റെ രക്ഷകനായി അവതരിച്ച മെസ്സിയെ കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം മറഡോണ പുകഴ്ത്തുകയും ചെയ്തു. ഫുട്ബോളിലായിരുന്നു മെസ്സി പിച്ചവച്ചതുതന്നെ. ഫുട്ബോളായിരുന്നു കളിപ്പാട്ടം. ജന്‍മനാട്ടില്‍ റൊസാരിയോ ക്ലബ്ബില്‍ കളിച്ചുതുടങ്ങിയ മെസ്സി മറഡോണയെപ്പോലെ തന്നെ പന്തില്‍ ഇന്ദ്രജാലം കാട്ടി കാണികളെ വിസ്മയിപ്പിച്ചു. ബാഴ്‌സലോണയിലേക്കുള്ള മെസ്സിയുടെ രംഗപ്രവേശം അവിശ്വസനീയം എന്നുപോലും വിശേഷിപ്പിക്കാവുന്ന കഥയാണ്. പത്താം വയസ്സ്സില്‍ ഹോര്‍മോണ്‍ കുറവുമൂലം രോഗാതുരനായ മെസ്സിക്കുള്ള ചികിത്സാ ചെലവ് വഹിക്കാന്‍ മെസ്സിയുടെ അച്ഛന് വകയുണ്ടായിരുന്നില്ല.

ബാഴ്‌സലോണയുമായുള്ള കരാര്‍ ഉറപ്പിക്കാന്‍ പല പ്രതിബന്ധങ്ങളും ഉണ്ടായെങ്കിലും ഭാഗ്യം മെസ്സിയെ തുണച്ചു. പിന്നീട് മെസ്സിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. യോഹാന്‍ ക്രൈഫും മറഡോണയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും കളിച്ച, ലോകത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ഫുട്ബോള്‍ ക്ലബ്ബിലെ പുതിയ താരോദയമായി മെസ്സി.

​മെസ്സിയുടെ ശിരസില്‍ കിരീടങ്ങള്‍ക്കുമേല്‍ കിരീടങ്ങള്‍ വന്നു നിറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള ബാലന്‍ദ്യോര്‍ അഥവാ സ്വര്‍ണ്ണപ്പന്ത് പുരസ്കാരം അഞ്ചു തവണ മെസ്സിയെ തേടിയെത്തി. 2009 മുതല്‍ തുടര്‍ച്ചയായി നാലു തവണ. 2015ല്‍ ഒരുവട്ടം കൂടി. 2008 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമല്ലാതെ മറ്റാരും ബാലന്‍ദ്യോര്‍ കയ്യിലേന്തിയില്ല.

പക്ഷെ, ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെക്കും മറഡോണക്കും ബെക്കന്‍ബോവര്‍ക്കും സിദാനും കൈവന്ന സൗഭാഗ്യം ഇതുവരേയും മെസ്സിയെ തുണച്ചില്ല. ലോകകപ്പ് ഉയര്‍ത്തുകയാണ് ഒരു ഫുട്ബോള്‍ കളിക്കാരന്റെ ഏറ്റവും വലിയ സ്വപ്നമെങ്കില്‍ മെസ്സിയുടെ ആ സ്വപ്നം കഴിഞ്ഞ ലോകകപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ തുളുമ്പിപ്പോയി. ബാഴ്‌സലോണക്കുവേണ്ടി കളിച്ച, അസാധ്യം എന്ന് വിശേഷിപ്പിക്കാവുന്ന കേളീശൈലിയുടെ ഒരംശം പോലും മെസ്സിക്ക് ലോകകപ്പില്‍ പുറത്തെടുക്കാനായില്ല.

2006 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലൂടെ അര്‍ജന്റീനക്ക് ലോകകപ്പിലേക്ക് മെസ്സി വഴിതെളിച്ചു. ലോകകപ്പില്‍ സെര്‍ബിയോ മോണ്ടിനെഗ്രോയ്‌ക്ക് എതിരായ മത്സരത്തില്‍ 74-ആം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയിട്ടുപോലും അര‍ ഡസന്‍ ഗോള്‍ വിജയത്തില്‍ അവസാനത്തെ ഗോള്‍ തന്‍റേതാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസ്സിയെ മൂലക്കിരുത്തി അര്‍ജന്‍റീന ജര്‍മനിയെ നേരിട്ടപ്പോള്‍ പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ചു. മെസ്സിയെ കളിപ്പിക്കാതിരുന്ന കോച്ച് പെക്കര്‍മാന്റെ തീരുമാനം ജന്‍മനാട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തി.2006 ലോകകപ്പ് മുതല്‍ അര്‍ജന്റീനയുടെ ദേശീയ ടീം ആകെ കുത്തഴിഞ്ഞു കിടക്കുകയായിരുന്നു.

2010 ലോകകപ്പില്‍ സാക്ഷാല്‍ ഡീഗോ മറഡോണ തന്നെ മാനേജരും പരിശീലകനുമായി അവതരിച്ചു. എന്നിട്ടും യോഗ്യതാ റൗണ്ടില്‍ കഷ്‌ടിച്ച് കടന്നുകൂടാന്‍ മാത്രമേ അര്‍ജന്റീനക്ക് കഴിഞ്ഞുള്ളൂ.

മെസ്സി മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളുകള്‍ അകന്നുനിന്നു. തൊട്ടുമുമ്പിലെ ലോകകപ്പിലെ അതേ വിധി തന്നെ അര്‍ജന്റീനയെ കാത്തുനിന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് പുറത്തായി. മെസ്സി അസാമാന്യ മികവ് പുലര്‍ത്തിയെന്ന് ഫിഫ അംഗീകരിച്ചെങ്കിലും ജന്‍മനാട് അതുകൊണ്ട് തൃപ്തരായില്ല. മെസ്സിക്ക് രാജ്യത്തേക്കാള്‍ പ്രധാനം തന്‍റെ ക്ലബ്ബാണെന്ന് വിമര്‍ശനമുയര്‍ന്നു.

2014 ലോകകപ്പില്‍ മെസ്സി മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് നേടി. നാലു ഗോളോടെ കളിക്കളത്തില്‍ നിറഞ്ഞുനിന്നു. പക്ഷേ 1990ലെ ലോകകപ്പിന്റെ ആവര്‍ത്തനമായിരുന്നു ഫൈനല്‍. തൊണ്ണൂറില്‍ മറഡോണയും ജര്‍മ്മനിയും തമ്മിലായിരുന്നെങ്കില്‍ 2014ല്‍ ജര്‍മ്മനിയും മെസ്സിയും തമ്മിലായിരുന്നു പോരാട്ടം. മെസ്സിയുടെ ഉന്നം പലപ്പോഴും പിഴച്ചു. പിഴക്കാത്ത ഉന്നങ്ങള്‍ ഓഫ് സൈഡായി. അധിക സമയത്തിലേക്ക് നീണ്ട കളി 113ആം മിനുട്ടില്‍ മാരിയോ ഗോട്ട്സെയുടെ ഗോളോടെ അവസാനിച്ചു. മെസ്സിയുടെ സ്വപ്നം ഒരിക്കല്‍ക്കൂടി പൊലിഞ്ഞു.

2018 യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീന ശരിക്കും വിയര്‍ത്തു. ഇക്വഡോറിനെതിരായ മത്സരത്തില്‍ പരാജയം തുറിച്ചുനോക്കിയ വേളയില്‍ മെസ്സി ഹാട്രിക് നേടി. തുടര്‍ന്ന് ഹെയ്തിയുമായുള്ള സൗഹൃദ മത്സരത്തിലും ഹാട്രിക്. മെസ്സി അജയ്യനാണെന്ന് സ്വയം തെളിയിച്ചു. മെസ്സി പറഞ്ഞു. “ലോകകപ്പ് കിരീടമാണ് എന്റെ സ്വപ്നം. കഴിഞ്ഞ ലോകകപ്പില്‍ ആ സ്വപ്നം ഏതാണ്ട് കയ്യെത്തിപ്പിടിച്ചതാണ്. കപ്പ് പക്ഷേ വഴുതിപ്പോയി. എന്റെ തലമുറക്ക് മറ്റൊരു ലോകകപ്പ് കളിക്കാന്‍ അവസരം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ റഷ്യയില്‍ കപ്പുയര്‍ത്തിയേ തീരൂ”

Follow Us:
Download App:
  • android
  • ios