ദക്ഷിണ സുഡാനില്‍ രണ്ടര ലക്ഷം കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് യുനിസെഫ്. അടിയന്തര നടപടികളെടുത്തില്ലെങ്കില്‍ ഈ വര്‍ഷം ജൂലൈയോടെ രണ്ടര ലക്ഷം കുട്ടികള്‍ മരണത്തിന് കീഴങ്ങുമെന്നും അഞ്ച് വര്‍ഷമായിതുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ കെടുതിയില്‍ കഴിയുന്ന രാജ്യത്തെ സന്ദര്‍ശനത്തിനു ശേഷം യുനിസെഫ് മുന്നറിയിപ്പ് നല്‍കി. 2013 ല്‍ പ്രസിഡന്റ്‌ സല്‍വാ കീറിനെതിരെ അട്ടി മറി ശ്രമം നടന്നതായരോപിച്ചാണ് ദക്ഷിണ സുഡാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്.

യുദ്ധം കാരണം കര്‍ഷകര്‍ കൃഷി അവസാനിപ്പിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടു. വേനല്‍ക്കാലം വരാനിരിക്കുന്നതിനാല്‍ വെള്ളത്തിന്റെ ലഭ്യതയും പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തര നടപടിയുണ്ടാവണമെന്ന് യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. എച്ച് ഫോര്‍ പറഞ്ഞു.

യുദ്ധം തുടങ്ങിയതോടെ 3000 ത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു. 25 ലക്ഷം കുട്ടികള്‍ വീടുവിട്ടിറങ്ങി. 19,000 ത്തിലധികം പേരെ ചെറുപ്രായത്തില്‍ തന്നെ സായുധ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു. പോഷകാഹാര കുറവ് മൂലമുള്ള പ്രശ്‌നങ്ങളാണ് കുട്ടികളെ പ്രധാനമായും ബാധിച്ചിരിക്കുന്നതെന്ന് യുനിസെഫ് വ്യക്തമാക്കി.