തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകുമെന്ന് മന്ത്രി ജി സുധാകരന്‍. ആ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത തീരുമാനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തെ മുന്‍നിര്‍ത്തി മൂന്നു വര്‍ഷം മുന്‍പ് എഴുതിയ 'നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍' എന്ന കവിത താനെഴുതിയിരുന്നതാണ്.

ഈ കവിത പുറത്തിറങ്ങിയപ്പോള്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായി. ഇത് കവിതയാണോയെന്നുപോലും പലരും പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ ഇത് കവിത മാത്രമല്ല, ജീവിതമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുധാകരന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. തന്റെ കവിതയുടെ പൂര്‍ണ രൂപവും അദ്ദേഹം പത്രക്കുറിപ്പിനൊപ്പം നല്‍കി.

മന്ത്രി ജി. സുധാകരന്റെ കവിതയുടെ പൂര്‍ണ രൂപം:

നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍
എന്തേ മുറിച്ചില്ലവന്റെ ലിംഗം
നീചവ്യൂഹങ്ങള്‍ നീട്ടിയ ലിംഗം
കത്തിയില്ലേ കഠാരയില്ലേ
വെട്ടരിവാളുകളില്ലേ?
മീന്‍മുറിക്കും കത്തികിട്ടിയില്ലേ
കരിക്കാടി തിളച്ച കലങ്ങളില്ലേ
ഇല്ലായിരിയ്ക്കുമോ
ഉണ്ടായിരിയ്ക്കുമോ
ഒന്നു തീര്‍ച്ച! ഇനി ഒന്നു തീര്‍ച്ച!
ഉണ്ട് നിനക്കുണ്ട് ദംഷ്ട്ര!
പല്ലും നഖങ്ങളും!
കോമളം പല്ലുകള്‍
കൂര്‍ത്തമനോഹര കൊച്ചരിപ്പല്ലുകള്‍!
വാളിന്റെ മൂര്‍ച്ച; മുല്ലപ്പൂവിന്റെ വെണ്‍മയും

രണ്ട്

എന്തേ കടിച്ചുമുറിച്ചുപറിച്ചില്ല
എന്തേ കടിച്ചുകുടഞ്ഞില്ല ലിംഗത്തെ!
നീചകുലങ്ങള്‍തന്‍ ലിംഗങ്ങള്‍!
ഓര്‍മ്മയില്ലേ നരസിംഹത്തിനെ!
കുടല്‍മാല പിളര്‍ത്തന്നവന്‍!
നെഞ്ചകം കീറിരുധിരം
കുടിച്ചൊരാ ദിവ്യസത്വത്തിനെ!

മൂന്ന്

ലിംഗമില്ലാത്ത പുരുഷന്‍
പുഛമില്ലാത്ത വാനരനല്ലയോ!
ലിംഗമില്ലാത്ത വെറിയന്‍
നാരീലിംഗം കൊതിക്കും ഞരമ്പുരോഗി
ജീവനെടുക്കും അവന്‍ സ്വയം
നിന്നയോ ധീരയില്‍ധീരയായ്
ലോകം പുകഴ്ത്തിടും!

നാല്

ലിംഗം മുറിച്ചു പ്രതികാരമാളുക!
ലിംഗമില്ലാത്ത നരാധമന്‍മാരുടെ
സംഘം തളരട്ടെ!
മാനവേലാകം മനശാസ്ത്ര ശാലയില്‍
നീചസംഘത്തെ ചികിത്സിച്ചിട്ടിനി!

അഞ്ച്

ലിംഗമില്ലാത്തവന്‍
ജീവിച്ചുനാറട്ടെ!
ലിംഗംമുറിക്കുന്ന പെണ്ണുങ്ങള്‍ വാഴുവിന്‍.