തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ മതിയായ സൗകര്യങ്ങളൊരുക്കി എത്രയും പെട്ടെന്ന് പ്രസവ ചികിത്സ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അടിയന്തിര നിര്‍ദേശം നല്‍കി. പ്രസവ ചികിത്സ തുടങ്ങുന്നതിനാവശ്യമായ ലേബര്‍ റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രിയുടെ പോരായ്മകള്‍ പരിഹരിക്കാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി സൂപ്രണ്ട്, നഴ്സിംഗ് സൂപ്രണ്ട്, ഗൈനക്കോളജി ഡോക്ടര്‍ എന്നിവരുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തു. ഫോര്‍ട്ട് ആശുപത്രിയില്‍ നിന്നും പേരൂര്‍ക്കട ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയ ഡോക്ടറേയും മറ്റാശുപത്രികളില്‍ നിന്നുമുള്ള ഡോക്ടര്‍മാരേയും ഫോര്‍ട്ട് ആശുപത്രിയില്‍ അടിയന്തിരമായി നിയമിക്കാന്‍ തീരുമാനമെടുത്തു.
ഈ ആശുപത്രിയില്‍ 17 സ്റ്റാഫ് നഴ്സുമാരുള്ളതിനാല്‍ നഴ്സുമാരുടെ കുറവില്ലെന്നും യോഗം കണ്ടെത്തി. ജനറേറ്റര്‍ ലഭ്യമാകുന്നതുവരെ അവിടെയുള്ള ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കാനും തീരുമാനമായി. കേടായ ഇന്‍വെര്‍ട്ടര്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടികളെത്തുവരുന്നു. പ്രസവ ചികിത്സയ്ക്കാവശ്യമായ ഡെലിവറി കിറ്റ്, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഇതോടെ അടുത്തയാഴ്ച പ്രസവ ചികിത്സ പുന:രാരംഭിക്കാന്‍ കഴിയുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത ആശുപത്രി സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി.
ഫോര്‍ട്ട് ആശുപത്രി ഒ.പി.യില്‍ പ്രതിദിനം 800 ഓളം പേരാണ് ചികിത്സ തേടിയെത്തുന്നത്. 90 ഓളം പേരെ ഇപ്പോള്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം മൂന്ന് വര്‍ഷം മുമ്പ് പൊളിച്ച് ആ സ്ഥാനത്ത് പുതിയ കെട്ടിടം പണിയാന്‍ തുടങ്ങിയതോടെയാണ് ഇവിടെ പ്രസവ ചികിത്സ താത്ക്കാലികമായി നിര്‍ത്തിവച്ചത്. എന്നാല്‍ ഗൈനക്കോളജി ഒ.പി. വിഭാഗം തടസമില്ലാതെ പ്രവര്‍ത്തിച്ചിരുന്നു.
പ്രസവ ചികിത്സ ഇല്ലാത്തതിനാല്‍ ഒരു ഡോക്ടറൊഴികെ അധികമായുള്ള മറ്റ് മൂന്ന്പേരെ മറ്റാശുപത്രികളിലേക്ക് സ്ഥലം മാറ്റിയിരുന്നു. കെട്ടിടത്തിന് അനുമതി കിട്ടാത്തതും ജനറേറ്ററില്ലാത്തതും കാരണം ഗൈനക്കോളജി ഒ.പി. പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്രസവചികിത്സ നീളുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ മാസം ആകെയുണ്ടായിരുന്ന ഗൈനക്കോളജി ഡോക്ടറേയും മാറ്റിയത്. ഇവ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി നേരിട്ട് പ്രശ്നത്തില്‍ ഇടപെട്ടത്.
