കോഴിക്കോട്: മുൻ ഡി.ജി.പി സെൻകുമാറിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി കെ.ടി ജലീലും എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയും. വർഗ്ഗീയ ധ്രുവീകരണ പ്രസ്ഥാവനകളാണ് അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്നുണ്ടായതെന്ന് മന്ത്രി പറഞ്ഞപ്പോൾ വിരമിച്ച ശേഷം എന്ത് തോന്ന്യാസവും പറയാമെന്ന് ഉദ്യോഗസ്ഥർ കരുതരുതെന്നായിരുന്നു തച്ചങ്കരിയുടെ പ്രതികരണം. കോഴിക്കോട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഒരു പൊലീസുകാരനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ല അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്നുണ്ടായ പ്രസ്ഥാവനകളെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. പൊലീസ് സേനയിൽ മതപരമായ വേർതിരിവ് ആഗ്രഹിക്കുന്നവർ രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണെന്നും മന്ത്രി വ്യക്തമാക്കി. മുസ്ലിം ജനവിഭാഗത്തിൽ തീവ്രവാദം ശക്തിപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി മന്ത്രി കുറ്റപെടുത്തി. 

എന്നാൽ പൊലീസ് സേനയിൽ ധൂർത്ത് നടക്കുകയാണെന്ന് പറഞ്ഞാണ് എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി പ്രസംഗം ആരംഭിച്ചത്. സുരക്ഷാ ചുമതലയ്ക്ക് പൊലീസുകാരെ ഉപയോഗിക്കുന്നത്. അഭിമാനത്തിന്റെ അടയാളമായി മാറിയെന്ന് പറഞ്ഞ തച്ചങ്കരി സെൻകുമാറിനെതിരെയും ജേക്കബ് തോമസിനെയും ഋഷിരാജ് സിങ്ങിനെയും പരോക്ഷമായി വിമർശിച്ചു. ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് പറയാൻ പാടില്ലെന്നും ചിലർ വാർത്താ താരമാകാൻ ശ്രമിക്കകയാണെന്നുമായിരുന്നു തച്ചങ്കരിയുടെ വിമർശനം. സുഖിച്ച് ജീവിക്കാനുള്ള മാർഗ്ഗമായി പൊലീസ് സേനയെ കാണുന്നത് മാറ്റണമെന്നും തച്ചങ്കരി വ്യക്തമാക്കി.