കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ വിശദമായ റിപ്പോര്‍ട്ട് തേടി. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിപി.എച്ച് കുര്യനോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നേരത്തേ അന്‍വറിന്റെ നടപടികളിന്മേല്‍ മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം. പാര്‍ക്കിന് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തീം പാര്‍ക്ക് എട്ടോളം നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പരിസ്ഥിതി ലോലപ്രദേശത്ത് അന്‍വര്‍ തടയണ നിര്‍മിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ചീങ്കണ്ണിപ്പാറയില്‍ അന്‍വര്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്ന നോട്ടീസില്‍ തുടര്‍നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞിരിക്കുകയാണ്. കളക്ടറുടെ നോട്ടീസിനെതിരെ അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ. അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 21നായിരുന്നു കോടതി നടപടി.