വിവാദമായ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും ചീമേനി താപവൈദ്യുത പദ്ധതിയും അത്യാവശ്യമാണെന്നോർമ്മിപ്പിച്ചാണ് വൈദ്യുതിമന്ത്രി പുതിയ ചർച്ചക്ക് തുടക്കമിടുന്നത്. എതിർപ്പുയർത്തുന്നവരുമായി ചർച്ച നടത്തും. വൻകിട ഊർജ്ജോത്പാദനപദ്ധതികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കടകംപള്ളിയുടെ നിലപാട്. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പുതിയ ടൗൺഷിപ്പും ചേർത്താണ് ചീമേനി പദ്ധതിക്കുള്ള ശ്രമം. പിണറായിയുടെ വിശ്വസ്തനായ കടകംപള്ളി വിവാദപദ്ധതികൾക്ക് പച്ചക്കൊടി കാട്ടുന്പോൾ എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ എതിർപ്പ് ആവർത്തിക്കുന്നു. അതിരപ്പിള്ളിക്കെതിരായ നിലപാടിൽ ഒരു മാറ്റമില്ലെന്ന് സിപിഐ നേതാവും മന്ത്രിയുമായ വിഎസ് സുനിൽകുമാർ വ്യക്തമാക്കി.
പരിസ്ഥിതി സംഘടനകളും വൈദ്യുതിമന്ത്രിക്കെതിരെ നിലപാടെടുത്തു. മുൻവൈദ്യുതിമന്ത്രി ആര്യാടൻ കടകംപള്ളിയെ പിന്തുണച്ചു. വിശദമായ ചർച്ചകളില്ലാതെ വിവാദപദ്ധതികളിൽ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കരുതെന്നാണ് സിപിഐ നിലപാട്. ഭരണമുന്നണിയിലും മന്ത്രിമാർക്കും ഇടയിലെ ആദ്യതർക്കമായി അതിരപ്പിള്ളി മാറി.
