തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജുകള്‍ ഒഴികെ ഭൂരിപക്ഷം കോളേജുകളുടെയും അംഗീകാരം പിന്‍വലിക്കണമെന്ന് മന്ത്രി ജി സുധാകരന്‍. എ‍ഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം കുറക്കുന്നതാണ് നല്ലത്. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ കോളേജുകള്‍ അടച്ചിട്ട് മറികടക്കാനാണ് മാനേജ്മെന്‍റ് ശ്രമം. അവര്‍ കോളേജുകള്‍ പൂട്ടുന്നതാണ് നല്ലതെന്നും തുറക്കേണ്ടെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്വാശ്രയ കോളേജുകള്‍ കേരളത്തിന് ഒരു പ്രശ്നമാണെന്ന് പറഞ്ഞു തുടങ്ങിയ മന്ത്രി സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കച്ചവടമെന്ന തരത്തില്‍ സ്വകാര്യമേഖലയ്‌ക്ക് വാരിക്കോരിക്കൊടുത്തിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ഉള്ളതിനേക്കാള്‍ സ്വാശ്രയകോളേജുകള്‍ നല്‍കിയതാണ് പ്രശ്നമായത്. ഈ സര്‍ക്കാര്‍ സ്വാശ്രയ മാനേജുമെന്റുകളെ നിലയ്‌ക്ക് നിര്‍ത്താനുള്ള ശ്രമം നടത്തുന്നുണ്ട്.

എഞ്ചിനീയറിംഗ് കോളേജുകള്‍ സംസ്ഥാനത്തിന് ഇത്രയും ആവശ്യമില്ല. ആകെയുള്ള 65000 സീറ്റുകളില്‍ പകുതിയും ഒഴിഞ്ഞു കിടക്കുകയാണ്. സ്വാശ്രയ മാനേജുമെന്‍റുകള്‍ക്ക് ഭരണഘടനയക്ക് അതീതമായ ഒരവകാശവും ഇല്ലെന്നും ജി സുധാകരന്‍ ഏഷ്യാനെറ്റ്ന്യൂസിനോട് പറഞ്ഞു.