മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വഭാവഹത്യ നടത്താന് പൊലീസ് ശ്രമിക്കുന്നെന്നാണ് കുടുംബത്തിന്റെ പരാതി. മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു. പൊലീസ് അന്വേഷം ശരിയായ ദിശയിലല്ല. മിഷേലിന്റെ മരണം ആത്മഹത്യയെന്ന തിരക്കഥയുണ്ടാക്കാനാണ് പൊലീസ് നീക്കം. അതിനിടെ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. സെന്‍ട്രല്‍‍ അസിസ്റ്റന്‍റ് കമ്മീഷ്ണര്‍, സിറ്റി പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അ‌ഞ്ചാം തീയതി മിഷേലിനെ കാണാതായ ദിവസം കുടുംബം പരാതിയുമായി എത്തിയെങ്കിലും പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ല. കുടുംബത്തിന് മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവന്നു. 

സ്‌ത്രീകളെയും കുട്ടികളെയും കാണാതായ പരാതി വന്നാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ഡി.ജി.പിയുടെ നിര്‍‍ദ്ദേശം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ പാലിച്ചില്ല. തൊട്ടടുത്ത ദിവസം മാത്രമാണ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യവിലോപം നടത്തിയ സെന്‍ട്രല്‍‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ ജലീലിനെ സിറ്റി പൊലീസ് കമ്മീഷ്ണര്‍ സസ്‌പന്റ് ചെയ്തു. എസ്.ഐ എസ് വിജയ് ശങ്കറിനെതിരെ അച്ചടക്ക നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ക്രൈം ബ്രാഞ്ച് സംഘം കേസ് അന്വേഷണം ആരംഭിച്ചു. റിമാന്റില്‍ കഴിയുന്ന പ്രതി ക്രോണിന്‍ അലക്‌സാണ്ടറുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.