തൊടുപുഴ: മൂലമറ്റത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം കുത്തേറ്റ നിലയില്‍ വീടിന് സമീപത്തെ തോട്ടില്‍നിന്ന് കണ്ടെത്തി. മൂന്നുങ്കവയല്‍ എടത്തൊട്ടിയില്‍ ജോമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപവാസികളായ ചിലര്‍ ജോമോനെ ബുധനാഴ്ച വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ട് പോയിരുന്നുവെന്ന് ജോമോന്റെ അമ്മ പൊലീസിനോട് പറഞ്ഞു

തൊടുപുഴ മൂന്നുങ്കവയലിലെ തോട്ടിലാണ് ജോമോന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. കൈകള്‍ ചേര്‍ത്ത് കെട്ടി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടില്‍ കൊണ്ടുവന്നിട്ടതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ജോമോനെ രണ്ട് ദിവസമായി കാണാനില്ലെന്ന് രാവിലെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ അയല്‍വാസിയും ബന്ധുക്കളുമായ ചിലര്‍ ജോമോനെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടു പോയെന്നാണ് പരാതി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്, ജോമോന്റെ സുഹൃത്ത് കൂടിയായ തോട്ടുചാലില്‍ ബിജോയുടെ വീട്ടില്‍ നിന്ന് പൊലീസ് രക്തം കണ്ടെത്തിയത്. സമീപത്തെ തോട്ടില്‍ നിന്ന് മൃതദേഹവും കണ്ടെടുത്തു. ചോരപുരണ്ട വസ്ത്രങ്ങളും കിട്ടി. ആരെയും അറസ്റ്റുചെയ്തിട്ടില്ല. ജോമോന്റെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.