ചരിത്രപരമായ സന്ദർശനത്തിനിടെയാണ് ഇരു നേതാക്കളും ഓക്കുമരം നട്ടത്

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് വൈറ്റ്ഹൗസിൽ നട്ട ഓക്കുമരം കാണാതായത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ തൈ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ചരിത്രപരമായ സന്ദർശനത്തിനിടെയാണ് ഇരു നേതാക്കളും ഓക്കുമരം നട്ടത്. ഒന്നാം ലോക മഹായുദ്ധത്തില്‍ യുഎസ് സൈനികർ പൊരുതി വീണ ഫ്രഞ്ച് യുദ്ധഭൂമിയിൽ കുരുത്ത ഓക്ക് വൈറ്റ് ഹൗസിൽ പടർന്ന് പന്തലിക്കട്ടെയെന്നായിരുന്നു മാക്രോണിന്റെ ആഗ്രഹം. പക്ഷേ മണിക്കൂറുകൾക്കകം തൈ മിസ് ആയി.. 

യു.എസ്. പാർലമെന്റിൽ ട്രംപിനെയും ദേശീയവാദത്തെയും മാക്രോൺ കണക്കറ്റ് വിമർശിച്ചിരുന്നു. ഇതിൽ അരിശം കൊണ്ട ട്രംപ് തൈ പിഴുതെറിഞ്ഞു എന്ന് വരെ വാർത്തകൾ പരന്നു. എന്നാലിപ്പോൾ ഓക്ക് മരത്തിന്‍റെ തൈ എവിടെയെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. വിദേശിയായ മരത്തെ പരിശോധനക്കായി ലാബിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മാക്രോൺ വന്നയുടന്‍ തൈ നട്ടതിനാൽ പതിവ് പരിശോധനകൾ നടന്നില്ല.മരത്തെക്കൊപ്പം അപകടകാരികളായ പരാദസസ്യങ്ങളുണ്ടെങ്കിൽ അത് വൈറ്റ ഹൗസിലെ മറ്റ് ചെടികളിൽ പടരാതിരിക്കാനാണ് പരിശോധന.