കോട്ടയം: ഭക്ഷണം വാങ്ങിവരാമെന്ന് പറഞ്ഞ് വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്നിറങ്ങിയ ദമ്പതികള്‍ ഇനിയും മടങ്ങിയെത്തിയില്ല . കോട്ടയം കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും ഹബീബയെയുമാണ് കാണാതായത് .ഉമ്മയും ബാപ്പയും മടങ്ങിവരുന്നത് കാത്തിരിക്കുകയാണ് സ്കൂള്‍ വിദ്യാര്‍ഥികളായ ഫിദയും ബിലാലും
ഹര്‍ത്താൽ ദിവസം രാത്രി 9.30 ഓടെയാണ് ഹാഷിം ഭാര്യ ഹബീബയെയും കൂട്ടി വീടു വിട്ടിറങ്ങിയത്. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി വരാമെന്നാണ് പിതാവ് അബ്ദുൽ ഖാദറിനോട് ഹാഷിം പറഞ്ഞത് . ആഴ്ചകള്‍ക്കു മുമ്പ് വാങ്ങിയ വാഗണ്‍ ആര്‍ കാറിലാണ് പുറത്തേയ്ക്ക് പോയത് . എന്നാൽ രാത്രി വൈകിയും തിരിച്ചെത്തിയില്ല . മൊബൈൽ ഫോണുകളും ഡ്രൈവിങ് ലൈസൻസും പണമടങ്ങിയ പേഴ്സും വീട്ടിൽ വച്ചാണ് പോയത് . ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കി.
പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലും അയൽ ജില്ലകളിലും ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഇവരുടെ കാറിന്‍റെ താല്‍ക്കാലിക നമ്പര്‍ കെ.എല്‍ 05 എ ജെ 7183 എന്നതാണ് . വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തുകയാണ് കാണാതായ ഹാഷിം.
