നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച സര്‍ക്കാര്‍ വാഹനം, വസതി, ഓഫിസ്, ജീവനക്കാര്‍, യാത്രാ ആനുകൂല്യങ്ങള്‍ ഇതെല്ലാം വ്യവസ്ഥ ചെയ്യുന്നതാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എംകെ ദാമോദരനെയും മാധ്യമ ഉപദേഷ്‌ടാവായി ജോണ്‍ ബ്രിട്ടാസിനേയും നിയമിച്ചത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയോടെയാണെന്നാണ് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതിനകം തന്നെ നിയമനങ്ങള്‍ വിവാദമാകുകയും ചെയ്തു. ഇതോടെയാണ് രണ്ട് പേരും സര്‍ക്കാര്‍ പ്രതിഫലം പറ്റുന്നില്ലെന്ന്സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. 

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയുള്ളയാളിന് ഫയല്‍ വിളിച്ചുവരുത്തി നോക്കാനാകില്ലേ, ഇത് എതിര്‍കക്ഷികളെ സഹായിക്കാന്‍ ഉപകരിക്കില്ലേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയര്‍ന്നത്. എന്നാല്‍ റാങ്ക് ഉണ്ടെങ്കിലും ഫയലൊന്നും വിളിച്ചുവരുത്താന്‍ നിയമോപദേഷ്‌ടാവിന് അധികാരമില്ലെന്നും ബാക്കിയെല്ലാം സങ്കല്‍പ സൃഷ്‌ടികളാണെന്നുമാണ് ഇതിന് മറുപടി. എന്നാല്‍ സര്‍ക്കാര്‍ പ്രതിഫലം വാങ്ങാത്തതിനാല്‍ ആരില്‍ നിന്നും വക്കാലത്തെടുക്കാം. മുഖ്യമന്ത്രിയുടെ നിയമോപദേഷ്‌ടാവെന്ന സ്ഥാനം വച്ച് ആര്‍ക്കും ധൈര്യമായി വിവാദ കേസുകള്‍ വരെ ഏല്‍പിക്കാനാകും. ഇത് അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന ആരപോണവും മറുഭാഗം ഉന്നയിക്കുന്നുണ്ട്. മാത്രവുമല്ല സര്‍ക്കാരിന് നിയമോപദേശം നല്‍കാന്‍ അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി എന്ന വ്യക്തിക്ക് മാത്രമായി നിയമോപദേഷ്‌ടാവ് എന്ന പദവി നിയമ വിധേയമല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.