ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പരാതി നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എയുടെ സഹോദരനെ അറസറ്റ്ചെയ്തു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെംഗറാണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ യു.പി സര്‍ക്കാര്‍ നിയമിച്ചു

ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പരാതി നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യുവതിയും കുടുംബവും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ അച്ഛന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കേസില്‍ ബംഗാര്‍മോ മണ്ഡലത്തിലെ എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെംഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ അച്ഛനെ മര്‍ദ്ദിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. കേസില്‍ മറ്റ് മൂന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

എം.എല്‍.എയ്‌ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അച്ഛനെ മര്‍ദ്ദിച്ചെന്നും മരണത്തിന് ഉത്തരവാദി കുല്‍ദീപ് സിംഗ് സെംഗറാണെന്നും യുവതി ആരോപിച്ചിരുന്നു.