തിരുവനന്തപുരം: നിയമസഭയില്‍ കോവളം എംഎല്‍എ എം വിന്‍സന്റിനേയും യുഡിഎഫിനേയും പരിഹസിച്ച് മന്ത്രി എംഎം മണി. നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ കോവളം എംഎല്‍എയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. കാര്യം തിരക്കിയപ്പോഴാണ് അറിഞ്ഞത് കോവളം എംഎല്‍എ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ജയിലിലാണ്.

കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് താന്‍ പൊമ്പിളൈ ഒരുമൈയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ തനിക്കെതിരെ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹമെന്ന് എംഎം മണി പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പരിഹാസം.

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
14-ാം കേരള നിയമസഭയുടെ 7-ാം സമ്മേളനം ഇന്നാരംഭിച്ചു.

ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് പ്രതിപക്ഷ ബഞ്ചില്‍ കോവളം എം.എല്‍.എ യുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.

തിരക്കിയപ്പോഴാണ് മനസ്സിലായത് കോവളത്തെ മെമ്പര്‍ക്ക് സഭയില്‍ വരാന്‍ കഴിയില്ലെന്ന്.

എന്താ കാര്യം?

അദ്ദേഹം ജയിലിലാണത്രെ!

അത് എന്തിന്?

"വീട്ടമ്മയെ പീഡിപ്പിച്ചതിനും നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതിനും".

കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം.

അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ?

യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണ്.

ഇനിയും ഏറെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴാനുണ്ട്...