തൃശൂര്‍: പ്രസംഗിച്ചും പ്രസ്താവനകള്‍ നടത്തിയും വിവാദങ്ങളില്‍ അകപ്പെടാറുള്ള മന്ത്രി എം.എം മണിയെ അടുത്തറിയുന്നവരാരും അദ്ദേഹത്തെ കുറ്റം പറയില്ല. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന സംഭവവും അത് തന്നെയാണ് തെഴിയിച്ചത്. ഇന്നലെ രാത്രി കോഴിക്കോട് നിന്ന് ഔദ്ദ്യോഗിക പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മന്ത്രിക്ക് പൈലറ്റ് പോയിരുന്ന കുന്നംകുളം പൊലീസിന്റെ വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടു. എ.എസ്‌.ഐക്കും മറ്റ് രണ്ട് പൊലീസുകാര്‍ക്കും പരിക്കേള്‍ക്കുകയും ചെയ്തു.  ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറി വന്ന കാറിനെ രക്ഷിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് പൊലീസ് വാഹനം മറിയാന്‍ ഇടയാക്കിയത്. അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ചു കിടന്ന പൊലീസുകാരെ രക്ഷിക്കാന്‍ പിന്നാലെ വന്ന മന്ത്രി തന്നെ ചാടിയിറങ്ങി. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. എസ്‌കോര്‍ട്ടായി വന്ന വാഹനത്തില്‍ കയറ്റി ഇവരെ അതിവേഗം അടുത്ത ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പെട്ടവരെ കൊണ്ടുവരുന്നുണ്ടെന്ന വിവരം ആശുപത്രിയില്‍ അറിയിക്കുകയും ചെയ്തു.

ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലേ എന്നാവും. മണിയാശാന്‍ അവിടെ നിന്നില്ല. അടുത്ത വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നതുമില്ല. പൊലീസുകാര്‍ക്കൊപ്പം മന്ത്രിയും ആശുപത്രിയിലെത്തി. മന്ത്രിയെക്കണ്ട് സ്വീകരിക്കാനെത്തിയവരെയൊന്നും അദ്ദേഹം കാര്യമായി ഗൗനിച്ചില്ല. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. തനിക്ക് വഴി കാണിക്കാന്‍ വന്നവര്‍ക്ക് പരിക്ക് പറ്റിയപ്പോള്‍ മന്ത്രിയാണെന്ന തലക്കനമൊന്നുമില്ലാതെ അവരെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ മണിയാശാന്‍ സജീവമായി. പൊലീസുകാരുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നെ അവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. എം.എല്‍.എ ആയാലും മന്ത്രിയായാലും മണിയാശാന്‍ ഇങ്ങനെ തന്നെയാണെന്നാണ് അദ്ദേഹത്തെ അറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. മന്ത്രിക്കാവട്ടെ ഇതൊന്നും അത്ര പുതുമയുള്ള കാര്യങ്ങളുമല്ലെന്ന നിലപാടും. എന്തായാലും ഇക്കാര്യം ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ കൂടി പങ്കുവെച്ചതോടെ മന്ത്രിയെ അഭിനന്ദിച്ചും ഏറെപ്പേര്‍ മത്സരിക്കുകയാണ്.