തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതിമന്ത്രി എംഎം മണി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം പദ്ധതിയെ ചൊല്ലി ഭരണമുന്നണിക്ക് പ്രതിപക്ഷത്തും തര്‍ക്കം മുറുകി. അതിരപ്പിള്ളിക്കായി സമവായ ചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടപ്പോള്‍ പദ്ധതി വേണ്ടെന്ന നിലപാട് ചെന്നിത്തലയും ഹസ്സനും ആവര്‍ത്തിച്ചു.

അതിരപ്പിള്ളിയെചൊല്ലി യുഡിഎഫിലും എല്‍ഡിഎഫും അടിയോടടി ആരംഭിച്ചിരിക്കുകയാണ്. എല്‍ഡിഎഫില്‍ വിഎസും സിപിഐയുമാണ് അതിരപ്പിള്ളിയെ എതിര്‍ക്കുന്നത്. പ്രതിപക്ഷത്തെ ഭിന്നതയും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കരുതെന്ന ചെന്നിത്തലയുടെ വാദത്തെ തള്ളി ഉമ്മന്‍ചാണ്ടി രംഗത്തു വന്നു. ഇതിനെ എതിര്‍ത്ത് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും രംഗത്തുവന്നതോടെ കോണ്‍ഗ്രസിലും തമ്മിലടി മൂര്‍ച്ഛിച്ചിരിക്കുകയാണ്.

അതിരപ്പിള്ളിയുമായി മുന്നോട്ട് പോകാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൈക്കൊണ്ട തീരുമാനത്തിന്റെ മിനുട്ട്‌സ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. വികസനത്തിന് ഊന്നല്‍ നല്‍കി അഭിപ്രായസമന്വയമെന്ന എല്‍ഡിഎഫിലെ അതിരപ്പിള്ളി അനുകൂലികളുടെ സമാന നിലപാടാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്‍റും പക്ഷെ ഉമ്മന്‍ചാണ്ടിയുടെ നിലപാട് തള്ളി

മുന്‍വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും കെ.മുരളീധരനും അതിരപ്പിള്ളി അനുകൂല നിലപാട് ആവര്‍ത്തിക്കുന്നു. അതിരപ്പിള്ളിയില്‍ സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം ചേരിയിലുണ്ടായ ഭിന്നത പ്രതിപക്ഷത്തിന് ക്ഷീണമായിരിക്കുകയാണ്.